കൊച്ചി: കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യയിൽ കൂടുതൽ പേരെ പ്രതിചേർക്കും. പ്രതിയായ റമീസിന്റെ മാതാപിതാക്കളെയും ചോദ്യം ചെയ്യും. സഹോദരിയുടെ ആത്മഹത്യയില് തനിക്ക് അറിയാവുന്ന കാര്യങ്ങൾ മുഴുവൻ ഇന്ന് അന്വേഷണ സംഘത്തിനു മൊഴി നൽകുമെന്ന് സഹോദരൻ ബേസിൽ. ശാരീരികമായും മാനസികമായും സഹോദരി ഒരുപാട് പീഡനത്തിനിരയായെന്നും റമീസിൻ്റയും കുടുംബത്തിന്റെ ലക്ഷ്യം മതപരിവർത്തനം ആയിരുന്നുവെന്നും ബേസിൽ പറഞ്ഞു.
റമീസിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അന്വേഷണ സംഘം ഇന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ശേഖരിക്കും. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തുടർനടപടികൾ.
റമീസിന്റെ പേരിൽ നിരവധി കേസുകളുണ്ട്. അടിപിടി കേസുകളിലെ സ്ഥിരം പ്രതിയാണ് റമീസ് എന്ന് പൊലീസ് അറിയിച്ചു. കേസിൽ റമീസിന്റെ അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പേടുത്തിയിരുന്നു. മതംമാറാൻ റമീസ് നിർബന്ധിച്ചെന്ന് ആത്മഹത്യാ കുറിപ്പിൽ പരാമർശമുണ്ട്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് റമീസിനെ അറസ്റ്റ് ചെയ്തത്. ഇരുവരുടെയും വാട്സാപ്പ് ചാറ്റിൽ നിന്ന് ആത്മഹത്യാ പ്രേരണയ്ക്കും ശാരീരിക ഉപദ്രവത്തിനും പൊലീസിന് തെളിവ് ലഭിച്ചു. മതം മാറാൻ ആവശ്യപ്പെട്ട് റമീസ് യുവതിയെ പൂട്ടിയിട്ട് മർദിച്ചെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.
റമീസിന് മറ്റൊരു ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകൾ സോനയുടെ കൈവശമുണ്ടായിരുന്നതായി സോനയുടെ സുഹൃത്ത് ജോൺസി പറഞ്ഞു. റമീസ് മതം മാറണമെന്ന് നിർബന്ധിച്ചുവെന്നും രജിസ്റ്റർ വിവാഹം ചെയ്യാൻ എല്ലാ തയ്യാറെടുപ്പും നടത്തിയെന്നും ജോൺസി പറഞ്ഞു. വിവാഹം രജിസ്റ്റർ ചെയ്യാൻ അടിമാലിയിലെത്തിയ റമീസ് അവസാന നിമിഷം പിന്മാറുകയായിരുന്നുവെന്നും സുഹൃത്ത് വെളിപ്പെടുത്തി.
















