തലശ്ശേരിയിലെ പുല്ലായി പുഴയിൽ നിന്ന് 60 വയസ്സ് തോന്നിക്കുന്ന ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ്. ഇത് തടമ്പാട്ടുതാഴത്തെ സഹോദരിമാരെ കൊലപ്പെടുത്തിയ പ്രമോദിൻ്റേതെന്നാണ് സംശയം.
വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം തലശ്ശേരിയിലേക്ക് തിരിച്ചു. മൃതദേഹത്തിന്റെ ഫോട്ടോ ബന്ധുക്കൾ തിരിച്ചറിഞ്ഞുവെന്നും ഇനി മൃതദേഹം നേരിൽ കണ്ട് തിരിച്ചറിയണമെന്നും പൊലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരൻ പ്രമോദിനെ പൊലീസ് തിരയുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയെന്ന വിവരം പുറത്തുവരുന്നത്.
സഹോദരിമാരെ കൊലപ്പെടുത്തിയ ശേഷം പ്രമോദിനെ കാണാതായിരുന്നു. പ്രമോദിനായി ലുക്കുഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
തനിക്കെന്തെങ്കിലും സംഭവിച്ചാൽ സഹോദരിമാർ ഒറ്റയ്ക്കാകുമെന്ന ഭയം പ്രമോദിനുണ്ടായിരുന്നു. തുടർന്നാണ് കൃത്യം നിർവഹിച്ചതെന്നാണ് പ്രാഥമിക നിഗമനം. സഹോദരിമാർ മരിച്ചത് ശ്വാസം മുട്ടിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കഴിഞ്ഞ മൂന്ന് വർഷമായി പ്രമോദിനൊപ്പം വാടകക്ക് താമസിക്കുകയായിരുന്ന തടമ്പാട്ടുതാഴത്തെ വീട്ടിലാണ് സഹോദരിമാരായ ശ്രീജയ, പുഷ്പലളിത എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
















