ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വി സി നിയമനത്തിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ. ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.
താൽക്കാലിക വി സി നിയമനം ചട്ടവിരുദ്ധമാണ്. സുപ്രീംകോടതി നിർദേശിച്ച നടപടിയല്ല ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. സർക്കാരുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് ഗവർണർ തീരുമാനമെടുത്തതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. കേസ് നാളെ പരിഗണിക്കും.
ഡോ സിസ തോമസിന്റെയും, ഡോ കെ ശിവപ്രസാദിന്റെയും നിയമനം ചട്ട വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. താൽക്കാലിക വിസി നിയമനത്തിലെ ഹൈക്കോടതി ഉത്തരവിനെതിരെ ഗവർണർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി നാളെ വീണ്ടും പരിഗണിക്കാനിരിക്കെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്.
















