രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. ചിത്രം ആഗസ്റ്റ് 14ന് തീയറ്ററുകളില്‍ എത്തും. സിനിമയുടെ റിലീസിനായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്.എന്നാല്‍ സിനിമയുടെ ടിക്കറ്റ് നിരക്കുകള്‍ ഇപ്പോള്‍ വലിയ ചര്‍ച്ചാവിഷയം ആയിരിക്കുകയാണ്. ആദ്യ ദിനത്തിലെ ആദ്യ ഷോയ്ക്ക് (fdfs) ചെന്നൈയില്‍ 4,500 രൂപ വരെയാണ് ബ്ലാക്കില്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നത്. ഈ അമിതവില കാരണം സാധാരണക്കാര്‍ക്ക് സിനിമ കാണാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.
തമിഴ്നാട്ടില്‍ മാത്രമല്ല, ഇന്ത്യയിലും വിദേശത്തും ‘കൂലി’ക്ക് വന്‍ ബുക്കിങ്ങാണ്. ഫസ്റ്റ്-ഡേ ഫസ്റ്റ്-ഷോ ടിക്കറ്റുകള്‍ക്ക് ദക്ഷിണേന്ത്യയില്‍ പലയിടത്തും അമിതവില ഈടാക്കുന്നതിനെതിരെ ആരാധകര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ചെന്നൈയിലെ ഒരു പ്രമുഖ തിയേറ്ററില്‍ ടിക്കറ്റ് വില 4,500 രൂപയാണെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ജീവനക്കാരന്‍ പറഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പൊള്ളാച്ചിയില്‍ ഒരു തിയേറ്റര്‍ ജീവനക്കാരന്‍ 400 രൂപയ്ക്ക് ടിക്കറ്റ് വില്‍ക്കുന്നത് ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തമിഴ്നാട് സര്‍ക്കാര്‍ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്.
തമിഴ്നാട് സര്‍ക്കാര്‍ പുലര്‍ച്ചെയുള്ള ഷോകള്‍ക്ക് അനുമതി നിഷേധിച്ചതോടെ, ആരാധകര്‍ സിനിമ കാണാന്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുകയാണ്. കേരളത്തിലും കര്‍ണാടകയിലും ‘കൂലി’യുടെ രാവിലെ 6 മണിക്കുള്ള ഷോകള്‍ക്ക് ടിക്കറ്റ് വില്‍പ്പന തകൃതിയായി നടക്കുന്നുണ്ട്. ബെംഗളൂരുവിലെ സിംഗിള്‍ സ്‌ക്രീനുകളില്‍ ടിക്കറ്റുകള്‍ക്ക് 2,000 രൂപ വരെ വിലയുണ്ട്. അതേസമയം, മുംബൈയില്‍ ടിക്കറ്റ് നിരക്ക് 250 രൂപ മുതല്‍ 500 രൂപ വരെയാണ്.
‘കൂലി’യുടെ ആദ്യ പ്രദര്‍ശനം കാണാനുള്ള ആരാധകരുടെ ആവേശം കാരണം, ചിത്രം ആദ്യ ദിവസം തന്നെ 150 കോടി രൂപ കടക്കുമെന്നാണ് ട്രേഡ് വിദഗ്ദ്ധര്‍ പ്രവചിക്കുന്നത്. 74-ാം വയസ്സിലും രജനീകാന്ത് എന്ന സൂപ്പര്‍സ്റ്റാറിന്റെ താരമൂല്യം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് ഇത് വ്യക്തമാക്കുന്നു.
















