രാജ്യതലസ്ഥാന മേഖലയിലുടനീളം നാഷണൽ ക്യാപിറ്റൽ റീജിയൺ പഴക്കം ചെന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ സമ്പൂർണ്ണ നിരോധനം 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളുടെയും 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളുടെയും ഉടമകൾക്കെതിരെ നിർബന്ധിത നടപടികൾ സ്വീകരിക്കരുതെന്ന് നിർദ്ദേശവുമായി സുപ്രീം കോടതി. ഗോദവർമൻ കേസിലെ പരിസ്ഥിതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികൾ പരിഗണിക്കവെയാണ് ഈ ഇടക്കാല നിർദേശം കോടതി നൽകിയത്.
വാഹന ഉടമകളെ സംബന്ധിച്ച് ഏറെ ആശ്വസം നൽകുന്ന നടപടിയാണ് സുപ്രീംകോടതിയിൽനിന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ദേശീയ തലസ്ഥാന മേഖലയിൽ 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും നിരോധിച്ചുകൊണ്ടുള്ള 2018-ലെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡൽഹി സർക്കാർ സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയിരുന്നത്. കൂടുതൽ വിപുലമായ പുക പരിശോധനാ സംവിധാനങ്ങളും നിലവിൽവന്നതിനാൽ വാഹനങ്ങൾക്കുള്ള ഇത്തരം നിരോധനം ആവശ്യമില്ലെന്ന് ഹർജിയിൽ പറയുന്നു.
മലിനീകരണം തടയുന്നതിന്റെ ഭാഗമായി 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങളും ഡൽഹി എൻസിആറിൽ ഓടാൻ അനുവദിക്കരുതെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ നിർദേശിച്ചിരുന്നു. ഹരിത ട്രിബ്യൂണലിൻ്റെ ഈ നിർദേശം 2018-ൽ സുപ്രീം കോടതി ശരിവെച്ചിട്ടുണ്ട്.
STORY HIGHLIGHT: delhi ban old vehicles
















