വിദ്യാർത്ഥികൾക്കായിതാ ഒരു സന്തോഷ വാർത്ത. സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ കുഞ്ഞുങ്ങൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഫെയ്സ് ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കലോത്സവം, കായികമേള, ശാസ്ത്രമേള എന്നിങ്ങനെ സ്കൂളിൽ നടക്കുന്ന ആഘോഷങ്ങളിൽ യൂണിഫോം ഇട്ടുവരിക എന്നത് കുട്ടികൾക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. ഈ ദിവസങ്ങളിൽ ‘കളർ’ ഇടാൻ കൊതിക്കുന്നവരാണ് മിക്കവരും. പക്ഷെ സ്കൂൾ ചട്ടങ്ങൾ ഇതിന് അനുവദിക്കുന്നുമില്ല.
ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ കുഞ്ഞുങ്ങൾക്ക് യൂണിഫോം നിർബന്ധമാക്കില്ല. കുഞ്ഞുങ്ങൾ പറന്നു രസിക്കട്ടെ വർണ പൂമ്പാറ്റകളായി. കുഞ്ഞുങ്ങളുടെ തന്നെ ആവശ്യപ്രകാരമാണ് ഈ തീരുമാനം. തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിൽ ഇക്കാര്യം പ്രഖ്യാപിച്ചു. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗമാണ് ഇന്ന് തൃശൂരിൽ നടന്നത്.
















