കൊച്ചി : ആലുവ സ്വദേശിയായ 43 കാരന്‍ ശ്രീനാഥ് ബി നായര്‍ ഇന്ന് രണ്ടാം ജന്മത്തിലാണ്. ഈ പുതുജീവിതം അദ്ദേഹത്തിന് സമ്മാനിച്ചത് സ്വന്തം സഹോദരിയും സഹോദരിയുടെ ഭര്‍ത്താവും ചേര്‍ന്നാണ്. കരളും വൃക്കയും തകരാറിലായതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആയ ശ്രീനാഥ് കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ആയിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഒരേസമയം രണ്ട് അവയവങ്ങളും മാറ്റിവയ്‌ക്കേണ്ട നിര്‍ണായക അവസ്ഥയിലെത്തിയ ശ്രീനാഥിനെ ചേര്‍ത്തു പിടിച്ചത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ തന്നെയായിരുന്നു. ശ്രീനാഥിന്റെ ഇളയ സഹോദരി ശ്രീദേവി വൃക്ക ദാനം ചെയ്യാന്‍ തയ്യാറായി. അതോടൊപ്പം തന്നെ സഹോദരി ഭര്‍ത്താവായ വിപിന്‍ എം. എന്നും കരള്‍ പകുത്തു നല്‍കാനും തയ്യാറായി. വിപിന്റെയും ശ്രീദേവിയുടെയും അവിശ്വസനീയമായ ഈ സ്‌നേഹവും ആത്മത്യാഗപരമായ പ്രവൃത്തിയും ആസ്റ്റര്‍ മെഡ്സിറ്റിയില്‍ സങ്കീര്‍ണ്ണമായ ഒരു ഇരട്ട അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വഴിയൊരുക്കി, അത് ശ്രീനാഥിന് പുതുജീവന്‍ നല്‍കി.
ആലുവയില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന ശ്രീനാഥിന് കാലില്‍ ചെറിയൊരു കുരു വന്നു. ആദ്യം അത് അത്ര കാര്യമായി എടുത്തില്ലെങ്കിലും ഇടുക്കിയിലേക്കുള്ള ഒരു യാത്രയ്ക്ക് ശേഷം ആ ഭാഗത്തുള്ള ചൊറിച്ചിലും മുറിവ് ഉണങ്ങാത്ത അവസ്ഥയും തുടരുകയും ഇടയ്ക്ക് കടുത്ത പനി ഉണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന് ശ്രീനാഥിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസത്തെ ചികിത്സകള്‍ക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി. എന്നാല്‍ ആശുപത്രി വാസത്തിനു ശേഷവും ശ്രീനാഥിന്റെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. ശരീരം വളരെയധികം ക്ഷീണിക്കുകയും സംസാരിക്കാനും നടക്കാനും പോലും കഴിയാത്ത അവസ്ഥ വരികയും ചെയ്തു.
തുടര്‍ന്ന് ശ്രീനാഥ് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സ തേടിയെത്തി. പരിശോധനയില്‍ ക്രയാറ്റിന്റെ അളവ് വളരെയധികം കൂടുതലാണെന്ന് കണ്ടെത്തുകയും അടിയന്തരമായി ഡയാലിസിസ് ആരംഭിക്കുകയും ചെയ്തു. ശ്രീനാഥിന് പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറവായതിനാല്‍ ബയോപ്‌സി നടത്താന്‍ കഴിയുമായിരുന്നില്ല. ലിവര്‍ സിറോസിസും ഗുരുതരമായ വൃക്കരോഗവും മൂലമുണ്ടായ ആരോഗ്യ പ്രതിസന്ധി, ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും കരളും വൃക്കയും മാറ്റിവയ്‌ക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ശ്രീനാഥിനെയും ഭാര്യ ലക്ഷ്മി പ്രിയയെയും സംബന്ധിച്ചിടത്തോളം അനുയോജ്യരായ ഇരട്ട ദാദാക്കളെ കണ്ടെത്തുക എന്നത് കഠിനമായ വെല്ലുവിളിയായി.
അപ്പോഴാണ് ആശാവര്‍ക്കര്‍ കൂടിയായ ശ്രീനാഥിന്റെ ഇളയ സഹോദരി ശ്രീദേവി തന്റെ വൃക്കകളില്‍ ഒന്ന് സഹോദരന് നല്‍കാനുള്ള സന്നദ്ധത അറിയിച്ചത്. പക്ഷേ ഒരു കരള്‍ ദാതാവിനെ അപ്പോഴും ആവശ്യമായിരുന്നു. ശ്രീനാഥിന്റെ ഭാര്യയുടെ സഹോദരനുമായി നടത്തിയ ആദ്യ ശ്രമം മെഡിക്കല്‍ പരിശോധനകള്‍ വിജയിക്കാത്തതിനെ തുടര്‍ന്ന് പരാജയപ്പെട്ടു.
ആ നിര്‍ണായകനിമിഷത്തിലാണ് ശ്രീദേവിയുടെ ഭര്‍ത്താവായ വിപിന്‍ തന്റെ കരള്‍ അളിയന് പകുത്ത് നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചത്. ജോയ് ആലുക്കാസിന്റെ എംജി റോഡ് ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജരാണ് വിപിന്‍. ഒരു ജീവന്‍ രക്ഷിക്കാന്‍ ആണെങ്കില്‍ കൂടിയും ഒരേസമയം ഭാര്യയും ഭര്‍ത്താവും ഒരുപോലെ മേജര്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകേണ്ടിവരുന്ന സവിശേഷ സാഹചര്യത്തെ പ്രോത്സാഹിപ്പിക്കാന്‍ ആദ്യം ഡോക്ടര്‍മാരും ഒന്നു മടിച്ചു.
രണ്ട് കുട്ടികള്‍ ഉള്‍പ്പെടുന്ന ശ്രീദേവിയുടെയും വിപിന്റെയും കുടുംബത്തിന് ഇത് ഉയര്‍ത്തുന്ന വലിയ വെല്ലുവിളികളെക്കുറിച്ച് എല്ലാവരും ആശങ്കാകുലരായിരുന്നു. എന്നാല്‍ വിപിനും ശ്രീദേവിയും തങ്ങളുടെ തീരുമാനത്തില്‍ തന്നെ ഉറച്ചുനിന്നു.
ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ശസ്ത്രക്രിയ. ശ്രീനാഥിന്റെ രക്തത്തിലെ അണുബാധയും ഫാറ്റി ലിവറും കാരണം ശസ്ത്രക്രിയ രണ്ടുതവണ മാറ്റിവയ്‌ക്കേണ്ടി വന്നു. ഹെപ്പറ്റോ പാന്‍ക്രിയാറ്റോ ബിലിയറി & അബ്‌ഡോമിനല്‍ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബിന്റെയും നെഫ്രോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ആയ ഡോ. വി നാരായണന്‍ ഉണ്ണിയുടെയും നേതൃത്വത്തിലുള്ള ആസ്റ്റര്‍ മെഡ്സിറ്റിയിലെ മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.
ഏറെ സങ്കീര്‍ണമായ ഒരു കേസ് ആയിരുന്നു ഇതെന്നാണ് ഡോക്ടര്‍ മാത്യു ജേക്കബ് പറയുന്നത്. എല്ലാ അപകടസാധ്യതകളും ലഘൂകരിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കേണ്ടിയിരുന്നു. കുടുംബത്തിന്റെ ദൃഢനിശ്ചയത്തിനും തങ്ങളുടെ മുഴുവന്‍ ശസ്ത്രക്രിയ, ശസ്ത്രക്രിയാനന്തര പരിചരണ വിഭാഗങ്ങളുടെയും ഏകോപിത ശ്രമങ്ങള്‍ക്കുമുള്ള ഒരു ആദരമായാണ് ഈ ശസ്ത്രക്രിയയുടെ വിജയത്തെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശസ്ത്രക്രിയയ്ക്കും മൂന്നുമാസത്തെ വിശ്രമകാലത്തിനും ശേഷം ശ്രീനാഥും സഹോദരി ശ്രീദേവിയും സഹോദരി ഭര്‍ത്താവ് വിപിനും ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാന്മാരായി ഇരിക്കുന്നു. എല്ലാവരുടെയും മുഖത്ത് സന്തോഷം മാത്രം.
















