പാകിസ്താന്‍ സൈനിക മേധാവി അസിം മുനീറുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുള്ള അടുപ്പം ദീർഘകാലത്തേക്കുള്ള വിജയം ലക്ഷ്യമിട്ടുള്ള തന്ത്രങ്ങൾ അല്ലെന്ന് യുഎസ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. ഫസ്റ്റ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ബോള്‍ട്ടന്റെ ഈ പരാമർശം നടത്തിയത്.
ട്രംപിന്റെ ആദ്യ ഭരണകാലത്ത് ‘ഹൗഡി മോദി’, ‘നമസ്തേ ട്രംപ്’ പോലുള്ള പരിപാടികളാണ് നമ്മള്‍ കണ്ടത്. എന്ത് മാറ്റമാണ് ഇപ്പോള്‍ സംഭവിച്ചത്? ഇതെല്ലാം ഒരു നൊബേല്‍ സമാധാന പുരസ്‌കാര നാമനിര്‍ദ്ദേശത്തിന് വേണ്ടിയാണ്. പാകിസ്താനുമായുള്ള ട്രംപിന്റെ അടുപ്പം മറ്റെന്തെങ്കിലും ലക്ഷ്യമിട്ടുള്ള ആലോചനകളല്ല. അങ്ങനെയൊന്നും ചെയ്യുന്ന തരത്തിലുള്ള ഒരാളല്ല ട്രംപ്. അസിം മുനീര്‍ ചെയ്ത ഒരു കാര്യം, ട്രംപിനെ നൊബേല്‍ സമാധാന പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു എന്നതാണ്. നോബേൽ ട്രംപിന് ഹരമായി മാറിയിരിക്കുകയാണ്. ബോള്‍ട്ടണ്‍ പറഞ്ഞു.
ഇതൊരു മുഖസ്തുതി തന്ത്രത്തിന്റെ ഭാഗമാണ്. അത് ട്രംപിന്റെ കാര്യത്തില്‍ പലപ്പോഴും ഫലിക്കാറുമുണ്ട്. അതുകൊണ്ട് പ്രധാനമന്ത്രി മോദിയോടുള്ള എന്റെ നിര്‍ദ്ദേശം, അടുത്ത തവണ ട്രംപിനോട് സംസാരിക്കുമ്പോള്‍, അദ്ദേഹത്തെ രണ്ടുതവണ നൊബേല്‍ സമാധാന പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യാമെന്നും അത് ലഭിക്കുന്നത് വരെ നാമനിര്‍ദ്ദേശം ചെയ്തുകൊണ്ടിരിക്കാമെന്നും വാഗ്ദാനം ചെയ്യണമെന്നാണ്. ഒരുപക്ഷേ അത് സഹായിച്ചേക്കാം. ബോള്‍ട്ടണ്‍ വ്യക്തമാക്കി. കൂടാതെ ട്രംപിന് പാകിസ്താനെക്കുറിച്ച് യാതൊന്നും അറിയില്ലെന്നും ബോള്‍ട്ടണ്‍ ആരോപിച്ചു.
STORY HIGHLIGHT: Donald Trump’s closeness with Asim Munir
















