ന്യൂ ഡല്‍ഹി: തെരുവ് നായ്ക്കൾക്കെതിരായ സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ വിമർശനവുമായി മുന്‍ കേന്ദ്രമന്ത്രിയും മൃഗാവകാശ പ്രവര്‍ത്തകയുമായ മനേക ഗാന്ധി രംഗത്ത്. തെരുവുനായകളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള കോടതിയുടെ തീരുമാനം അപ്രായോഗികമാണെന്നും പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് ദോഷമാണെന്നും മനേക ഗാന്ധി പറഞ്ഞു.
കോടതിയുടെ ഇത്തരം തീരുമാനങ്ങള്‍ വരുത്തിവെച്ചിട്ടുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചരിത്രത്തില്‍ നിന്നുള്ള ഉദാഹരണങ്ങള്‍ ഉദ്ധരിച്ചാണ് മനേക ഗാന്ധി പ്രതികരിച്ചത്. ഡല്‍ഹി, ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ പൊതുസ്ഥലങ്ങളില്‍നിന്ന് എല്ലാ തെരുവുനായകളെയും ഉടന്‍ നീക്കം ചെയ്യാനാണ് തിങ്കളാഴ്ച സുപ്രീം കോടതി ഉത്തരവിട്ടത്. കോടതി മുന്നോട്ടുവെച്ച ആശയത്തിന്റെ പ്രായോഗികതയെക്കുറിച്ച് രാജ്യത്താകമാനം വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ബിജെപി നേതാവിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി.തെരുവുനായകള്‍ മനുഷ്യര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കിലും അവയെ ഒറ്റയടിക്ക് നീക്കം ചെയ്യുന്നത് പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ഇത് നാം പ്രതീക്ഷിക്കാത്ത പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും മനേക ഗാന്ധി മുന്നറിയിപ്പ് നല്‍കി.’48 മണിക്കൂറിനുള്ളില്‍, ഗാസിയാബാദില്‍നിന്നും ഫരീദാബാദില്‍നിന്നും മൂന്ന് ലക്ഷത്തോളം നായകള്‍ ഇവിടേക്ക് വരും, കാരണം ഡല്‍ഹിയില്‍ ഭക്ഷണമുണ്ട്. റോഡില്‍നിന്ന് നായകളെ മാറ്റിക്കഴിഞ്ഞാല്‍, മരത്തില്‍നിന്നു കുരങ്ങുകള്‍ താഴെയിറങ്ങും.
ഇത് എന്റെ സ്വന്തം വീട്ടില്‍ സംഭവിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. 1880-കളില്‍ പാരീസില്‍ നടന്നത് ഓര്‍മയില്ലേ. അവര്‍ നായകളെയും പൂച്ചകളെയും നീക്കം ചെയ്തപ്പോള്‍, നഗരത്തില്‍ എലികള്‍ പെരുകി. അത്തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഇവിടെയുമുണ്ടാകും.’ മനേക പറഞ്ഞു. 1800-കളില്‍, ശുചിത്വത്തിനും ആരോഗ്യത്തിനും സുരക്ഷയ്ക്കും ഒരു ഭീഷണിയായാണ് പാരീസ് ഭരണകൂടം തെരുവുനായകളെ കണക്കാക്കിയിരുന്നത്. അഴുക്കുപിടിച്ച ജീവികളായും പേവിഷബാധ, ചെള്ള് എന്നിവ പരത്തുന്നവരുമായാണ് നായകളെ കണ്ടിരുന്നത്.
‘സ്‌ട്രേ ഡോഗ്സ് ആന്‍ഡ് ദി മേക്കിംഗ് ഓഫ് മോഡേണ്‍ പാരീസ്’ എന്ന ഗവേഷണ പ്രബന്ധമനുസരിച്ച്, 1883-ല്‍ പേവിഷബാധയെ കുറിച്ചുള്ള ആശങ്കകള്‍ കാരണം നഗരത്തിലെ നായകളെ നിയന്ത്രിക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. ഫ്രഞ്ച് തലസ്ഥാനത്തെ കൂടുതല്‍ ആധുനികവും സുരക്ഷിതവുമാക്കുക എന്നതായിരുന്നു ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് ചില ചരിത്രരേഖകളില്‍ പറയുന്നു. എന്നാല്‍, തെരുവുകളില്‍ ഇത്തരം മൃഗങ്ങള്‍ ഇല്ലാതായത് നഗരത്തില്‍ എലികളുടെ എണ്ണത്തില്‍ പെട്ടെന്നുള്ള വര്‍ധനവിന് കാരണമായി. അഴുക്കുചാലുകളില്‍നിന്നും ഇടവഴികളില്‍നിന്നും എലികള്‍ വീടുകളിലേക്ക് വ്യാപിച്ചതായി പറയപ്പെടുന്നു.
















