അച്ചാർ ഇല്ലാത്ത മലയാളി വീടുകൾ വിരളമായിരിക്കും. കഞ്ഞി തൊട്ടുകൂട്ടാൻ ഉൾപ്പെടെ എല്ലാവർക്കും അച്ചാർ വേണം. എന്നാൽ വീട്ടിൽ അച്ചാറുകൾ ഉണ്ടാക്കുമ്പോൾ സംഭവിക്കുന്ന ഏറ്റവും വലിയൊരു പ്രശ്നമാണ് അതിൽ പൂപ്പൽ വരുന്നത്. അച്ചാറിട്ട് രണ്ട് ദിവസം കാണാം അതിൽ പൂപ്പൽ വരുന്നത്. അങ്ങനെ വന്ന് കഴിഞ്ഞാൽ ചിലർ അച്ചാർ മുഴുവനായും എടുത്ത് കളയാറുമുണ്ട്.
എന്നാൽ ഇനി അങ്ങനെ ചെയ്യേണ്ടതില്ല. പൂപ്പൽ വരാതിരിക്കാനും ഇനി അഥവാ വന്നുകഴിഞ്ഞാൽ എന്ത് ചെയ്യണമെന്നും അറിയാൻ തുടർന്ന് വായിക്കുക….
1. നിങ്ങൾ എന്ത് ഉപയോഗിച്ചാണോ അച്ചാറിടുന്നത് അത് വൃത്തിയായി കഴുകി വെള്ളം നന്നായി തുടച്ചുമാറ്റണം. ഉദാഹരണത്തിന്, മാങ്ങ, ചാമ്പയ്ക്ക, നാരങ്ങ ഇവ ഏതായാലും നന്നായി കഴുകി തുടച്ച് ഈർപ്പം നല്ലതുപോലെ മാറിയ ശേഷം വേണം അച്ചാറിടാൻ. ഇത് ഒന്ന് വെയിലത്ത് വച്ച ശേഷം അച്ചാറിട്ടാൻ പൂപ്പൽ പിന്നെ വരില്ല.
2. ധാരാളം നല്ലെണ്ണ ഉപയോഗിച്ച് അച്ചാറിടുന്നത് പൂപ്പൽ വരുന്നത് തടയാൻ സഹായിക്കും. കാരണം പാത്രത്തിലാക്കി വയ്ക്കുന്ന അച്ചാറിന് മുകളിലായി എണ്ണ തെളിഞ്ഞ് നിൽക്കുന്നത് പൂപ്പൽ വരുന്നത് തടയും.
3. ഗ്ലാസ് പാത്രങ്ങളിൽ അച്ചാർ സൂക്ഷിക്കുന്നതാണ് ഉചിതം. പ്ലാസ്റ്റിക് പാത്രങ്ങൾ കഴിവധും ഒഴിവാക്കുക.
4. അച്ചാറിട്ട് വയ്ക്കുന്ന പാത്രങ്ങൾ നന്നായി കഴുകി വെയിലത്ത് വച്ച് ഉണക്കിയ ശേഷം വേണം അതിലേയ്ക്ക് അച്ചാറിടാൻ.
5. അച്ചാറിട്ട് വെച്ചിരിക്കുന്ന പാത്രം ആഴ്ചയിൽ ഒരിക്കൽ വെയിൽ ഏൽക്കുന്ന രീതിയിൽ വയ്ക്കുക.
6. പച്ചകറിവേപ്പില ഒരിക്കലും അച്ചാറിൽ ഇടരുത്. വറുത്തെടുത്ത ശേഷമോ വെയിലത്ത് വെച്ച് ഉണക്കിയ ശേഷമോ മാത്രം അച്ചാറിൽ ഇത് ഉപയോഗിക്കുക.
7. നനവില്ലാത്ത ഉണങ്ങിയ സ്പൂൺ ഉപയോഗിച്ച് വേണം അച്ചാറെടുക്കാൻ.
8. ഇടയ്ക്കിടെ അച്ചാർ പാത്രം തുറക്കുന്നത് ഒഴിവാക്കുകയാണ് നല്ലത്. രണ്ടോ മൂന്നോ ദിവസത്തേക്കുള്ള അച്ചാർ മറ്റൊരു പാത്രത്തിൽ എടുത്ത് വയ്ക്കാം. ഇത് പൂപ്പൽ വരാനുള്ള സാധ്യത കുറയ്ക്കും.
9. അച്ചാർ പുറത്തുതന്നെ വയ്ക്കാതെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്.
അച്ചാറിൽ പൂപ്പൽ വന്നാൽ പൂപ്പൽ വന്ന ഭാഗം ആദ്യം എടുത്ത് കളയുക. തുടർന്ന് അൽപം എള്ളെണ്ണയും വിനാഗിരിയും ചൂടാക്കി ഇതിലേയ്ക്ക് ഒഴിക്കുക. പിന്നീട് അച്ചാർ പാത്രം വെയിലത്ത് തലകുത്തനെ വയ്ക്കാം. പാത്രത്തിന്റെ മുകൾ ഭാഗത്ത് പൂപ്പൽ വരാതിരിക്കാനാണ് ഇത്.
















