ചെറുകിട സംരഭങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനായി സര്‍ക്കാര്‍ കൊണ്ട് വന്ന പദ്ധതികളിൽ ഒന്നാണ് മുദ്ര ലോണ്‍. കോര്‍പറേറ്റ് ഇതര ചെറുകിട സംരഭങ്ങള്‍, മൈക്രോ എൻ്റർപ്രൈസുകള്‍, ഉത്പാദനം, വ്യാപാരം, സേവനങ്ങള്‍, കൃഷിയുമായി ബന്ധപ്പെട്ട മേഖലകളിലെ വ്യക്തികള്‍ എന്നിവര്‍ക്കാണ് വായ്‌പ ലഭിക്കുക. ചെറുകിട സംരംഭങ്ങള്‍ക്ക് 50,000 രൂപ മുതൽ 20 ലക്ഷം രൂപ വരെ വായ്‌പ നല്‍കുന്നതിനായി 2015 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി മുദ്ര യോജന (പിഎംഎംവൈ).
ആനുകൂല്യങ്ങൾ
ഗ്യാരണ്ടി ആവശ്യമില്ല.
വായ്‌പയ്‌ക്കൊപ്പം മുദ്ര ഡെബിറ്റ് കാര്‍ഡ് കിട്ടും. ഇത് എടിഎമ്മുകളില്‍ നിന്ന് അതിവേഗം പണം പിന്‍വലിക്കല്‍ സാധ്യമാക്കുന്നു.
മുദ്ര കാര്‍ഡ് വഴി സംരംഭകര്‍ക്ക് ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ലഭിക്കും.
കുറഞ്ഞ പലിശ നിരക്കുകള്‍.
അപേക്ഷാ പ്രക്രിയ പൂര്‍ണമായും ഓണ്‍ലൈനാണ്.
മുദ്ര യോജനയുടെ ലക്ഷ്യം എന്ത്
ചെറുകിട സംരംഭങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള നയ മാർഗനിർദേശങ്ങൾ തയ്യാറാക്കുക.
എല്ലാ മൈക്രോഫിനാൻസ് സ്ഥാപനങ്ങളെയും (എംഎഫ്ഐ) അനുബന്ധ സ്ഥാപനങ്ങളെയും രജിസ്‌റ്റർ ചെയ്യുകയും അവയെ നിയന്ത്രിക്കുകയും ചെയ്യുക.
ചെറുകിട ബിസിനസുകൾ വികസിപ്പിക്കാനും വളരാനും സഹായിക്കുക.
താഴ്ന്ന വരുമാനമുള്ള ആളുകൾക്ക് അവരുടെ ബിസിനസ് കെട്ടിപ്പടുക്കുന്നതിനും വളർത്തയെടുക്കാനും സഹായിക്കുക.
എസ്‌സി/എസ്‌ടി വായ്‌പ മുൻഗണന നൽകുക.
വ്യാപാരം, ഉത്‌പാദനം, സേവനം എന്നിവ കൈകാര്യം ചെയ്യുന്ന എല്ലാ മൈക്രോഫിനാൻസ് സ്ഥാപനങ്ങളെയും നിയന്ത്രിക്കുക.
ബാങ്കിങ് സൗകര്യമില്ലാത്തവർക്ക് വായ്‌പകളും മറ്റ് സാമ്പത്തിക സേവനങ്ങളും എളുപ്പത്തിൽ ലഭിമാക്കുക.
മുദ്ര വായ്‌പകൾ എത്ര തരം
ഓരോ ബിസിനസിൻ്റെയും വളർച്ചാ ഘട്ടത്തെ അടിസ്ഥാനപ്പെടുത്തിയാണ് മുദ്ര വായ്‌പകളെ നാലായി തരം തിരിച്ചിരിക്കുന്നത്.
ശിശു ഘട്ടം: 50,000 വരെ (ചായക്കട, പച്ചക്കറി വണ്ടി, ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയ ചെറുകിട ബിസിനസ് ആദ്യമായി ആരംഭിക്കുന്നവര്‍ക്ക്)
കിഷോര്‍ ഘട്ടം: 50,000 മുതല്‍ 5 ലക്ഷം വരെ (ഒരു ബിസിനസ് ആരംഭിച്ച് അത് വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്)
തരുണ്‍ ഘട്ടം: 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ (ഒരു നിര്‍മാണ യൂണിറ്റ്, ഷോപ്പ് ഫ്രാഞ്ചൈസി, അല്ലെങ്കില്‍ ഇ-കൊമേഴ്‌സ് സ്‌റ്റോർ പോലുള്ള ഇതിനകം സ്ഥാപിതമായ ബിസിനസ് വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക്)
തരുണ്‍ പ്ലസ് ഘട്ടം: 10 ലക്ഷം മുതല്‍ 20 ലക്ഷം വരെ (മുമ്പ് 10 ലക്ഷം എടുത്ത് കൃത്യമായി തിരിച്ചടച്ചവര്‍ക്ക്. ബിസിനസ് കൂടുതല്‍ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി)
പലിശ നിരക്കുകൾ ഇങ്ങനെ
സ്‌കീം മാർഗനിർദേശങ്ങളും അപേക്ഷകൻ്റെ ക്രെഡിറ്റ് പശ്ചാത്തലം അടിസ്ഥാനമാക്കിയാണ് ബാങ്ക് പലിശ നിരക്ക് തീരുമാനിക്കുക. അതേസമയം വായ്‌പ തിരിച്ചടവ്, കാലയളവ് തുടങ്ങിയ കാര്യങ്ങൾ ബാങ്കിൻ്റെ നയങ്ങളെയും നൽകുന്ന വായ്‌പയുടെ തരത്തെയും ആശ്രയിച്ചിരിക്കും.
എന്തിനെല്ലാം ലഭിക്കും
ചെറുകിട ബിസിനസ് ആരംഭിക്കുക, നിലവിലുള്ള ഒരു സംരംഭം വികസിപ്പിക്കുക, ഉപകരണങ്ങളോ യന്ത്രങ്ങളോ വാങ്ങുക, പ്രവർത്തന മൂലധന ആവശ്യങ്ങൾ നിറവേറ്റുക, അല്ലെങ്കിൽ സ്‌കീം മാർഗനിർദേശങ്ങൾ പ്രകാരം അനുവദനീയമായ മറ്റ് വരുമാനം ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ എന്നിവ പോലുള്ള ആവശ്യങ്ങൾക്കും ഈ സ്‌കീമിന് കീഴില്‍ വായ്‌പകൾ ലഭിക്കും. കൂടാതെ കൃഷിയുമായി ബന്ധപ്പെട്ട വരുമാനം ഉണ്ടാക്കുന്ന കാർഷികേതര പ്രവർത്തനങ്ങൾക്കുള്ള വായ്‌പകളും വ്യാപാരികൾ, വിൽപനക്കാർ, കടയുടമകൾ എന്നിവർക്കുള്ള ബിസിനസ് ലോണുകളും നൽകും.
മുദ്ര യോജനയിൽ ഉൾപ്പെടുന്നവർ ആരെല്ലാം
സാധനങ്ങളോ യാത്രക്കാരെയോ കൊണ്ടുപോകുന്നതിനായി ഗതാഗത വാഹനങ്ങൾ വാങ്ങുന്ന സംരംഭകർക്ക് വായ്‌പ ലഭിക്കും.
വാണിജ്യ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന ട്രാക്‌ടറുകൾ, പവർ ടില്ലറുകൾ, ട്രാക്‌ടർ ട്രോളികൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയും മുദ്ര വായ്‌പയ്ക്ക് അർഹമാണ്.
സലൂണുകൾ, ജിംനേഷ്യം, ബ്യൂട്ടി പാർലറുകൾ, തയ്യൽക്കടകൾ, ബുട്ടീക്കുകൾ, ഡ്രൈ ക്ലീനിങ്, മെഡിസിൻ ഷോപ്പുകൾ, സൈക്കിൾ, മോട്ടോർ സൈക്കിൾ റിപ്പയർ ഷോപ്പുകൾ, കൊറിയർ ഏജൻ്റുമാർ, ഡിടിപി തുടങ്ങിയവ നടത്തുന്ന സംരംഭകർക്ക് മുദ്ര യോജന പ്രകാരം വായ്‌പ ലഭിക്കും.
അച്ചാർ നിർമാണം, പപ്പടം നിർമാണം, മധുരപലഹാര കടകൾ, ജാം/ജെല്ലി നിർമാണം, ചെറിയ സർവീസ് ഫുഡ് സ്റ്റാളുകൾ, ദൈനംദിന കാറ്ററിങ് അല്ലെങ്കിൽ കാൻ്റീൻ സേവനങ്ങൾ, ഐസ് നിർമാണം, ഐസ്ക്രീം യൂണിറ്റുകൾ, കോൾഡ് സ്‌റ്റോറേജുകൾ, ബ്രെഡ് ആൻഡ് ബൺ നിർമാണം, ബിസ്‌കറ്റ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്ന സംരംഭകർക്ക് വായ്‌പ ലഭിക്കും.
കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ഉദാഹരണത്തിന് തേനീച്ച വളർത്തൽ, കോഴി വളർത്തൽ, കന്നുകാലി വളർത്തൽ, അഗ്രഗേഷൻ കാർഷിക വ്യവസായങ്ങൾ, മത്സ്യബന്ധനം, ക്ഷീരവികസനം, ഭക്ഷ്യ-കാർഷിക സംസ്‌കരണം, കാർഷിക ക്ലിനിക്കുകൾ, കാർഷിക ബിസിനസ് കേന്ദ്രങ്ങൾ മുതലായവയും ഇവയെ പിന്തുണയ്ക്കുന്ന സേവനങ്ങളും മുദ്ര വായ്‌പകൾക്ക് അർഹമാണ്.
കൈത്തറി, ഖാദി, പവർലൂം, പരമ്പരാഗത ഡൈയിങ്, പരമ്പരാഗത എംബ്രോയ്‌ഡറി, ഹാൻഡ്‌വർക്ക്, വസ്ത്ര ഡിസൈൻ, കോട്ടൺ ജിന്നിങ്, തയ്യൽ, വാഹന ആക്‌സസറികൾ, ബാഗുകൾ, ഫർണിഷിങ് ആക്‌സസറികൾ തുടങ്ങിയ തുണിത്തരങ്ങളല്ലാത്ത മറ്റ് ഉത്‌പന്നങ്ങൾ എന്നിവയിൽ പ്രവർത്തിക്കുന്ന സംരംഭകർക്കും വായ്‌പ ലഭിക്കും.
എങ്ങനെ അപേഷിക്കാം
പൊതു, സ്വകാര്യ മേഖലാ ബാങ്കുകൾ, റീജിയണൽ റൂറൽ ബാങ്കുകൾ (ആർആർബി), നോൺ-ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ (എൻബിഎഫ്‌സി), മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ (എംഎഫ്‌ഐ), ചെറുകിട ധനകാര്യ ബാങ്കുകൾ എന്നിവയുൾപ്പെടെ വിവിധ ധനകാര്യ സ്ഥാപനങ്ങൾ വഴി അപേഷിക്കാവുന്നതാണ്.
മുദ്ര യോജനയുടെ ഔദ്യോഗിക വെബ്സൈറ്റ് mudra.org.in സന്ദര്‍ശിക്കുക.
പുതിയ പ്രൊഫൈല്‍ സൃഷ്‌ടിച്ച് ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുക.
ഉചിതമായ സ്‌കീം (ശിശു, കിഷോര്‍, തരുണ്‍, അല്ലെങ്കില്‍ തരുണ്‍ പ്ലസ്) തെരഞ്ഞെടുക്കുക.
വായ്‌പയ്ക്കായി അനുയോജ്യമായ ബാങ്ക് അല്ലെങ്കില്‍ ധനകാര്യ സ്ഥാപനം തെരഞ്ഞെടുക്കുക.
മൊബൈലില്‍ ലഭിക്കുന്ന ഒടിപി നല്‍കി തുടരുക.
ആവശ്യമായ രേഖകള്‍ സ്‌കാന്‍ ചെയ്‌ത് അപ്‌ലോഡ് ചെയ്യുക.
അപേക്ഷാ ഫോം സേവ് ചെയ്‌ത് സമര്‍പ്പിക്കുക
കൂടുതൽ വിവരങ്ങൾക്ക് 1800 180 1111, 1800 11 0001 എന്ന ഹെൽപ്പലൈൻ നമ്പറിലേയ്‌ക്ക് വിളിക്കാവുന്നതാണ്.
ആവശ്യമായ രേഖകള്‍
പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
ആധാര്‍ കാര്‍ഡ്
പാന്‍ കാര്‍ഡ്
മേൽവിലാസം കാണിക്കുന്ന രേഖകൾ
ബിസിനസ് തെളിവ് (ജിഎസ്‌ടി നമ്പര്‍, ട്രേഡ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഷോപ്പ് ലൈസന്‍സ്)
ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെൻ്റ്
മുന്‍കാല വായ്‌പ തിരിച്ചടവുകളുടെ തെളിവ് (ആവശ്യമെങ്കില്‍)
















