കൊച്ചി: ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതി നാരായണ ദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയപ്പോൾ കാരണം ബോധിപ്പിക്കാത്തതിനാൽ പൊലീസ് നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. നാരായണ ദാസ് 104 ദിവസമായി റിമാൻഡിലായിരുന്നു.
പ്രതിയുടെ അറസ്റ്റ് മെമ്മോ പരിശോധിച്ച കോടതി, നിയമത്തിലെ വ്യവസ്ഥകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അറസ്റ്റിനുള്ള കാരണങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലെന്നും നിരീക്ഷിച്ചു. പ്രതിയുടെ പിതാവിന് നൽകിയ അറസ്റ്റ് നോട്ടിസിലും സമാനമാണ് സ്ഥിതി. അതിനാൽ നാരായണ ദാസിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയായ ലിവിയയ്ക്ക് വേണ്ടിയാണ് തൃപ്പൂണിത്തുറ എരൂർ സ്വദേശിയായ നാരായണ ദാസ് ഇടപെട്ടത് എന്നാണ് പൊലീസ് കണ്ടെത്തൽ.
ഷീലയുടെ സ്കൂട്ടറിൽ എൽ.എസ്.ഡി സ്റ്റാമ്പിനോട് സാമ്യമുള്ള ചില വസ്തുക്കൾ വയ്ക്കുകയും പിന്നീട് എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകുകയുമായിരുന്നു. നാരായണ ദാസാണ് വ്യാജ ലഹരി മരുന്ന് സംഘടിപ്പിക്കാൻ സഹായിച്ചതെന്നും ഇക്കാര്യം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് എന്നുമാണ് പൊലീസ് കണ്ടെത്തൽ. വിദേശത്തായിരുന്ന ലിവിയയെ നേരത്തെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായ ഷീല സണ്ണിക്ക് 72 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്.
















