വാഷിങ്ടൺ: പാകിസ്ഥാൻ കരസേനാ മേധാവി അസിം മുനീര്‍ സ്യൂട്ടിട്ട ഒസാമ ബിന്‍ ലാദനാണെന്ന് പെൻ്റഗൺ മുൻ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. അമേരിക്കൻ മണ്ണിൽ വെച്ച് പാകിസ്താൻ നടത്തുന്ന ഭീഷണികൾ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് റൂബിൻ വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
പാകിസ്താൻ യുദ്ധക്കൊതിയോടെ ഒരു”തെമ്മാടി രാഷ്ട്രത്തെപ്പോലെ”പെരുമാറുകയാണെന്ന് പറഞ്ഞ മൈക്കൽ റൂബൻ പാക് സൈനിക മേധാവിയെ ഭീകരസംഘടനയായ അൽ ഖായിദയുടെ തലവനായിരുന്ന ഒസാമ ബിൻ ലാദനുമായി താരതമ്യം ചെയ്യുകയും ചെയ്തു. പാകിസ്താൻ്റെ ആണവഭീഷണികൾ ഭീകരസംഘടനകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരമൊരുക്കുമെന്ന് മൈക്കൽ റൂബൻ പറഞ്ഞു.
ഇത്രയും കാലം നിലനിന്നിരുന്ന നയതന്ത്ര വ്യവഹാരങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു വെല്ലുവിളിയാണ് പാകിസ്താൻ ഉയർത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.”അമേരിക്കക്കാർ ഭീകരവാദത്തെ കാണുന്നത് ആവലാതികളുടെ കണ്ണടയിലൂടെയാണ്. പല ഭീകരരുടെയും ആശയപരമായ അടിത്തറ അവർ മനസ്സിലാക്കുന്നില്ല. അസിം മുനീർ സ്യൂട്ട് ധരിച്ച ഒസാമ ബിൻ ലാദനാണ്,” അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രമെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ പാകിസ്താന് കഴിയുമോ എന്നതിനെക്കുറിച്ച് മുനീറിൻ്റെ പരാമർശങ്ങൾ പലരുടെയും മനസ്സിൽ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നും റൂബിൻ കൂട്ടിച്ചേർത്തു.
പാകിസ്താൻ്റെ ആണവായുധ ശേഖരം സുരക്ഷിതമാക്കുന്നതിന് ഭാവിയിൽ ഒരു സൈനിക ഇടപെടലിനുള്ള സാധ്യതയും അദ്ദേഹം മുന്നോട്ടുവച്ചു.വിഷയത്തിൽ പാകിസ്താൻ വിശദീകരണം നൽകുകയും മാപ്പ് പറയുകയും ചെയ്യുന്നതുവരെ അസിം മുനീറിനെ അമേരിക്കയിൽ അസ്വീകാര്യനായ വ്യക്തിയായി പ്രഖ്യാപിക്കുകയും, മറ്റ് പാക് ഉദ്യോഗസ്ഥർക്കൊപ്പം അദ്ദേഹത്തിനും അമേരിക്കൻ വിസ നിഷേധിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
















