ന്യൂഡല്‍ഹി: കേരള സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ ഗവര്‍ണറുടെ താല്‍ക്കാലിക വിസി നിയമനത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ ഹർരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. രണ്ട് സര്‍വകലാശാലകളിലെയും താത്കാലിക വിസി നിയമനം റദ്ദാക്കണമെന്നാണ് ആവശ്യം. ഡോ. സിസ തോമസിന്റെയും ഡോ. എ ശിവപ്രസാദിന്റെയും നിയമനം നിയമലംഘനമാണ്. സുപ്രീംകോടതി നിര്‍ദ്ദേശിച്ച പ്രകാരമല്ല നിയമനം ഉണ്ടായതെന്നും ചട്ടവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തിന്റെ അപ്പീല്‍. ഗവര്‍ണ്ണര്‍ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് മറികടന്നെന്നും സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുന്നു.
താല്‍ക്കാലിക വിസി നിയമനത്തില്‍ കഴിഞ്ഞ 14നു സര്‍ക്കാരിന് അനുകൂലമായി ഹൈക്കോടതി വിധി വന്നിരുന്നു. ഇതോടെ സിസ തോമസും ശിവപ്രസാദും ചുമതലയില്‍നിന്നു മാറേണ്ടിയും വന്നു. എന്നാല്‍ ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിക്കുകയും പുതിയ വൈസ് ചാന്‍സലര്‍മാരുടെ നിയമിക്കുന്നതുവരെ താല്‍ക്കാലിക വിസിമാര്‍ക്കു തുടരാമെന്ന വിധ നേടുകയും ചെയ്തിരുന്നു.
















