എലിപ്പനി ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ്. എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കള്‍ മുറിവുകള്‍ വഴി മനുഷ്യ ശരീരത്തില്‍ എത്തിയാണ് രോഗമുണ്ടാകുന്നത്.
ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശിവേദനയുമാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, കൃഷിപ്പണിയിലോ കന്നുകാലി പരിചരണത്തിലോ ഏര്‍പ്പെടുന്നവര്‍, മീന്‍പിടിത്തക്കാര്‍, നിര്‍മാണ തൊഴിലാളികള്‍, മലിനമായ മണ്ണുമായും കെട്ടിക്കിടക്കുന്ന വെള്ളവുമായും സമ്പര്‍ക്കത്തില്‍ വരുന്നവര്‍ എന്നിവര്‍ക്ക് രോഗം പിടിപെടാന്‍ സാധ്യത കൂടുതലാണ്.
കൈകാലുകളില്‍ മുറിവുകളോ വിണ്ടുകീറലോ ഉള്ളവര്‍ വെള്ളക്കെട്ടുകളിലും മലിനമായ മണ്ണിലും ഇറങ്ങരുത്. കന്നുകാലികളെ കുളിപ്പിക്കുന്ന തോട്, കുളം എന്നിവയുമായി സമ്പര്‍ക്കമുള്ളവരും ജാഗ്രത പാലിക്കണം. എലിപ്പനി പിടിപെടാന്‍ സാധ്യതയുള്ള സാഹചര്യങ്ങളിലുള്ളവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സിക്കാതെ ഉടന്‍ ഡോക്ടറെ കാണണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
പ്രതിരോധ മാര്‍ഗങ്ങള്‍:
- മലിനമായ മണ്ണുമായും വെള്ളവുമായും സമ്പര്‍ക്കത്തില്‍ വരുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ജോലി തുടങ്ങുന്നതിന് മുമ്പ് ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ഡോക്‌സി സൈക്ലിന്‍ ഗുളിക ആഴ്ചയിലൊരിക്കല്‍ കഴിക്കണം.
- കട്ടികൂടിയ റബര്‍ കാലുറകളും കൈയുറകളും ധരിച്ച് മാത്രം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
- കൈകാലുകളില്‍ മുറിവുള്ളവര്‍ അവ ഉണങ്ങുന്നത് വരെ ഇത്തരം ജോലികളില്‍നിന്ന് വിട്ടുനില്‍ക്കണം.
- ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായാല്‍ ഉടന്‍ ഡോക്ടറെ കണ്ട് എലിപ്പനയല്ലെന്ന് ഉറപ്പാക്കണം. തൊഴില്‍ പശ്ചാത്തലം ഡോക്ടറെ അറിയിക്കണം.
content highlight: Rat Fever
















