ഇന്ത്യയിലെ ആദ്യത്തെ എഫ്1 ഡ്രൈവറായ നരേൻ കാർത്തികേയൻ നടനും റേസറുമായ അജിത് കുമാറിന്റെ റേസിംഗ് ടീമിനൊപ്പം ചേർന്ന് വരാനിരിക്കുന്ന ഏഷ്യൻ ലെ മാൻസ് സീരീസിൽ പങ്കെടുക്കും. ഡിസംബറില്‍ ആരംഭിക്കുന്ന 2025-26 ഏഷ്യന്‍ ലെ മാന്‍സ് സീരീസില്‍ നരേൻ കാര്‍ത്തികേയനും അജിത് കുമാറും ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കും.
തമിഴ് സിനിമാ താരവും മോട്ടോര്‍സ്‌പോര്‍ട്ട് താരവുമായ അജിത്തിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് അജിത് കുമാര്‍ റേസിങ് ടീം. ഇന്ത്യയുടെ ആദ്യത്തെ എഫ്1 ഡ്രൈവറായ കാര്‍ത്തികേയന്‍ കൂടി അജിത്തിന്റെ സംഘത്തിലേക്കെത്തിയതോടെ ടീമിന്റെ കരുത്ത് വര്‍ധിക്കും.
നരേയ്‌നൊപ്പം മത്സരിക്കാനിറങ്ങുന്നത് ബഹുമതിയായി കാണുന്നുവെന്നും ഈ ഏഷ്യന്‍ ലേ മാന്‍സ് സീരീസ് വളരെ സ്‌പെഷലാണെന്നുമാണ് അജിത് പ്രതികരിച്ചത്. അജിത്തിനെ വര്‍ഷങ്ങളായി പരിചയമുണ്ടെന്നും പ്രൊഫഷണല്‍ തലത്തില്‍ ഒരുമിച്ച് മത്സരിക്കാന്‍ സാധിക്കുന്നത് ആവേശത്തോടെയാണ് കാണുന്നതെന്നുമാണ് കാര്‍ത്തികേയന്‍ പ്രതികരിച്ചത്.
ഡിസംബറില്‍ ആരംഭിക്കുന്ന ഈ വര്‍ഷത്തെ ഏഷ്യന്‍ ലേ മാന്‍സ് സീരീസില്‍ മൂന്നു റൗണ്ടുകളാണുള്ളത്. മലേഷ്യയിലെ സെപാങ് രാജ്യാന്തര സര്‍ക്യൂട്ട്, ദുബൈ ഓട്ടോഡ്രോം, അബൂദാബിയിലെ യാസ് മറീന സര്‍ക്യൂട്ട് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ഓരോ റൗണ്ടും നാല് മണിക്കൂര്‍ നീളുന്ന രണ്ട് റൗണ്ടുകളായിട്ടാവും നടക്കുക. എല്‍എംപി2, എല്‍എംപി3, ഓണ്‍റോഡ് വാഹനങ്ങളെ അടിസ്ഥാനാക്കിയുള്ള ജിടി3 എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുക. അജിത്തിന്റെ ടീം ഏത് വിഭാഗത്തിലാണ് മത്സരിക്കുകയെന്ന് തീരുമാനിച്ചിട്ടില്ല.നിലവില്‍ ജിടി4 യൂറോപ്യന്‍ സീരീസിലും 24എച്ച് യൂറോപ്യന്‍ സീരീസിലും മത്സരിക്കുകയാണ് അജിത് കുമാറിന്റെ റേസിങ് ടീം. ആദ്യമായാണ് ഏഷ്യന്‍ ലേ മാന്‍സില്‍ അജിത്തിന്റെ ടീം മത്സരിക്കാനെത്തുന്നത്. എന്നാല്‍ ഏഷ്യന്‍ ലേ മാന്‍സ് സീരീസില്‍ മത്സരിച്ച് പരിചയമുള്ള ഡ്രൈവറാണ് നരേൻ കാര്‍ത്തികേയന്‍. 2021ലെ ഏഷ്യന്‍ ലേ മാന്‍സ് സീരീസിലായിരുന്നു നരേൻ പങ്കെടുത്തിരുന്നത്. അര്‍ജുന്‍ മെയ്‌നി, നവീന്‍ റാവു എന്നിവര്‍ക്കൊപ്പമായിരുന്നു നരേൻ പങ്കെടുത്തത്. എന്‍ഡ്യുറന്‍സ് റേസിങില്‍ ആദ്യമായി പങ്കെടുത്ത ഇന്ത്യന്‍ സംഘമായിരുന്നു അത്.
48കാരനായ നരേൻ കാര്‍ത്തികേയന്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ അനുഭവസമ്പത്തുള്ള റേസിങ് താരമാണ്. കാര്‍ത്തികേയനെ ഈ റേസിങിന് അപ്പുറത്തുള്ള പദ്ധതികള്‍ കൂടി കണ്ടുകൊണ്ടാണ് അജിത് കുമാര്‍ റേസിങ് കൂടെക്കൂട്ടിയിരിക്കുന്നതെന്ന് വ്യക്തം. മറ്റു ഡ്രൈവര്‍മാരെ പരിശീലിപ്പിക്കുന്നതിനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും എഫ്1 ഡ്രൈവിങ് അനുഭവസമ്പത്തുള്ള കാര്‍ത്തികേയന് എളുപ്പം സാധിക്കും.2025-26ലെ ഏഷ്യന്‍ ലേ മാന്‍സ് സീരീസ് മലേഷ്യയിലെ സെപാങ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലൂടെയാണ് ആരംഭിക്കുന്നത്. ഡിസംബര്‍ 12 മുതല്‍ 14 വരെയാണ് മലേഷ്യയിലെ മത്സരങ്ങള്‍. അടുത്തവര്‍ഷം ജനുവരി 29 മുതല്‍ ഫെബ്രുവരി 1 വരെ ദുബൈ ഓട്ടോഡ്രോമിലും ഫെബ്രുവരി ആറ് മുതല്‍ എട്ടു വരെ അബൂദബി യാസ് മറീന സര്‍ക്യൂട്ടിലും മത്സരങ്ങള്‍ നടക്കും.
















