ഇന്ത്യയുടെ ചിപ്പ് നിർമാണ പ്രവർത്തന മേഖലയ്ക്ക് നാല് പുതിയ സെമി കണ്ടക്‌ടർ പദ്ധതികൾക്ക് അനുമതി നൽകി കേന്ദ്രം. ഇന്ത്യ സെമി കണ്ടക്‌ടർ (അർദ്ധചാലകം) മിഷൻ്റെ (ഐഎസ്എം) ഭാഗമായി 4,600 രൂപയുടെ പുതിയ നാല് പദ്ധതികൾക്കാണ് കേന്ദ്ര സർക്കാർ അംഗീകാരം നല്‍കിയത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ചിപ്പുകൾ, നൂതന ഇലക്ട്രോണിക് വസ്‌തുക്കൾ എന്നിവയുടെ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുമെന്നും ഇതിലൂടെ രണ്ടായിരത്തിലധികം തൊഴിലവസരങ്ങൾ രാജ്യത്ത് സൃഷ്‌ടിക്കാനാകുമെന്നും വിദഗ്‌ധർ വ്യക്തമാക്കി.
ഒഡിഷ, ആന്ധ്രാപ്രദേശ്, പഞ്ചാബ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലേയ്ക്കാണ് പുതിയ സെമികണ്ടക്‌ടർ നിർമാണശാലകൾ അനുവദിച്ചിരിക്കുന്നത്. ഒഡിഷയിലെ ഭുവനേശ്വറിൽ രണ്ട് നിർമാണശാലകൾക്ക് അനുമതി നൽകി. നാല് പുതിയ സെമി കണ്ടക്‌ടർ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചുവെന്നും 4,594 രൂപയുടെ പദ്ധതിയ്ക്കാണ് അനുമതി ലഭിച്ചതെന്നും റെയിൽവേ, വിവര സാങ്കേതിക, പ്രക്ഷേപണ, ഇലക്‌ട്രോണിക്‌സ് വകുപ്പ് മന്ത്രി അശ്വനി വൈഷ്‌ണവ് പറഞ്ഞു.
ഇതോടെ ഇന്ത്യയിലെ സെമി കണ്ടക്‌ടർ നിർമാണ ശാലകൾ പത്തായെന്നും അശ്വനി വൈഷ്‌വ് എക്‌സിൽ കുറിച്ചു. ആറ് സംസ്ഥാനങ്ങളിലായി 1.6 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങളിലായി പത്ത് പദ്ധതികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പ്രതിരോധം മുതൽ ഇലക്‌ട്രോണിക്‌സ് മേഖലകളെ വരെ പിന്തുണയ്ക്കുവാനുള്ള സെമി കണ്ടക്‌ടർ ലഭ്യത കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ഭുവനേശ്വറിലെ രണ്ട് പദ്ധതികളിൽ ഒന്നിനെ സംസ്ഥാനത്തെ പ്രധാന സെമികണ്ടക്‌ടർ ഉത്പാദന മേഖലയാക്കി വളർത്തുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പ്രതിവർഷം 60,000 വേഫറുകൾ (സെമി കണ്ടക്‌ടറിൻ്റെ നേർത്ത കഷ്‌ണവും ഇൻ്റഗ്രേറ്റഡ് സർക്ക്യൂട്ടുകളുടെ നിർമ്മാണത്തിനും ഫോട്ടോവോൾട്ടെയ്‌ക്സിൽ സോളാർ സെല്ലുകൾ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നവയാണ് വേഫറുകൾ) ഉത്പാദിപ്പിക്കുമെന്നും തൊണ്ണൂറ്റിയാറ് ദശലക്ഷം യൂണിറ്റ് സെമി കണ്ടക്‌ടറുകൾ കയറ്റി അയക്കാനും സാധിക്കുന്ന രാജ്യത്തെ ആദ്യ വാണിജ്യ കേന്ദ്രമാക്കുമെന്നും മന്ത്രി അവകാശപ്പെട്ടു.
ഇലക്ട്രിക് വാഹനങ്ങൾ, ഫാസ്റ്റ് ചാർജറുകൾ, സോളാർ ഇൻവെർട്ടറുകൾ, മിസൈൽ സംവിധാനങ്ങൾ എന്നിവയ്ക്കായി സെമി കണ്ടക്‌ടർ ഉത്‌പന്നങ്ങൾ ഉപയോഗിക്കാനാകുമെന്ന് മന്ത്രാലയം അറിയിച്ചു. ഒഡിഷയിലെ രണ്ടാമത്തെ പ്ലാൻ്റിൽ നിന്നുള്ള ഉത്‌പന്നങ്ങൾ കമ്പ്യൂട്ടർ, നിർമിത ബുദ്ധി, വിവര സാങ്കേതിക, പ്രക്ഷേപണ മേഖലയ്ക്ക് മുതൽകൂട്ടാകും.
ഇന്ത്യയെ ഒരു ആഗോള സെമി കണ്ടക്‌ടർ കേന്ദ്രമായി മാറ്റാനുള്ള പ്രാഥമിക പ്രവർത്തനങ്ങളാണ് ഇവയെന്ന് മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ സെമി കണ്ടക്‌ടർ മിഷൻ ഇതിനകം തന്നെ പ്രധാന നിക്ഷേപങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രാലയം അറിയിച്ചു. 72 സ്റ്റാർട്ട് അപ്പ് കമ്പനികളും 278 വിദ്യാഭ്യാസ സ്ഥാപനങ്ങളും സെമി കണ്ടക്‌ടർ ഗവേഷണ വികസനത്തിൽ പരിശീലനം നേടിയതായി മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം 60,000 ത്തിൽ അധികം വിദ്യാർഥികൾ സെമി കണ്ടക്‌ടർ നിര്‍മാണത്തില്‍ പരിശീലനം നേടി.
















