ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധി ജയിച്ച വയനാട്ടിലും രാഹുല്‍ വിജയിച്ച റായ്ബറേലിയിലും അടക്കം വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നെന്ന ആരോപണമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂർ രംഗത്ത്. വയനാട്, റായ്ബറേലി, കനൗജ്, ഡയമണ്ട് ഹാര്‍ബര്‍ എന്നീ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുകള്‍ ഉണ്ടായെന്നാണ് ബിജെപി ആരോപിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മിഷനെ പ്രതിക്കൂട്ടിലാക്കി വോട്ടുകവര്‍ച്ച ആരോപണത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും ഇന്ത്യ സഖ്യം പ്രതിഷേധം നടത്തി വരുന്നതിനിടെയാണ് ബിജെപിയുടെ പ്രത്യാരോപണം.റായ്ബറേലി, വയനാട്, ഡയമണ്ട് ഹാര്‍ബര്‍, കനൗജ് എന്നീ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുകള്‍ ഉണ്ടായെന്നും ഇവിടങ്ങളില്‍ വോട്ടുകവര്‍ച്ച നടത്തി വിജയിച്ച രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി , അഭിഷേക് ബാനര്‍ജി, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കള്‍ രാജിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുന്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയത്.
തമിഴ്നാട്ടിലെ കൊളത്തൂര്‍ നിയമസഭാ സീറ്റിലും ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോക്സഭാ സീറ്റിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പില്‍ ‘കൃത്രിമം’ കാണിച്ചെന്ന് ആരോപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിനോടും എസ്പി നേതാവ് ഡിംപിള്‍ യാദവിനോടും രാജിവയ്ക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.വയനാട്ടില്‍ 93,499 സംശയാസ്പദമായ വോട്ടര്‍മാരുണ്ടെന്ന് ബിജെപി അവകാശപ്പെട്ടു. ‘ഇതില്‍ 20,438 വ്യാജ വോട്ടര്‍മാരുണ്ട്. 17,450 വ്യാജ വിലാസത്തിലുള്ളവരും ഉള്‍പ്പെട്ടു, 51,365 വോട്ടര്‍മാരെ കൂട്ടിചേര്‍ക്കലിലൂടെ ഉള്‍പ്പെടുത്തിയടതടക്കം 93,499 സംശയാസ്പദമായ വോട്ടര്‍മാരുണ്ട്’ അനുരാഗ് ഠാക്കൂര്‍ ആരോപിച്ചു.രാഹുല്‍ വിജയിച്ച റായ്ബറേലിയില്‍ രണ്ട് ലക്ഷത്തിലധികം സംശയാസ്പദമായ വോട്ടര്‍മാര്‍ ഉണ്ടെന്നും ബിജെപി ആരോപിച്ചു.
















