കൊച്ചി: കോതമംഗലത്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ എൻഐഎ അന്വേഷണം വേണമെന്ന ആവശ്യവുമായി സിറോ മലബാർ സഭ. എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് നേരത്തേ യുവതിയുടെ അമ്മ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കത്ത് നൽകിയിരുന്നു.
ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് സഭയും കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മിഷൻ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ പറഞ്ഞു. അതിനിടെ, േകന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവർ ഇന്ന് യുവതിയുടെ കുടുംബത്തെ സന്ദർശിച്ചു.
നിർബന്ധിത മതപരിവർത്തനം പോലുള്ള വകുപ്പുകൾ പൊലീസ് ചുമത്തിയിട്ടില്ലെന്നും കൃത്യമായ വകുപ്പു ചുമത്തി അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്നും ഫാ. ജയിംസ് കൊക്കാവയലിൽ പറഞ്ഞു. തീവ്രവാദ ബന്ധമുള്ള പാനായിക്കുളത്തേക്ക് യുവതിയെ കൊണ്ടു പോയി എന്നാണ് പറഞ്ഞിട്ടുള്ളതെന്നും അതുകൊണ്ടു തന്നെ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനു രാജ്യാന്തര ബന്ധങ്ങളുള്ളതു കൊണ്ടാണ് കേന്ദ്ര ഏജന്‍സികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഫാ. ജയിംസ് കൊക്കാവയലിൽ പറഞ്ഞു. തന്റെ മകളുടേത് നിർബന്ധിത മതപരിവർത്തന ശ്രമത്തെ തുടർന്നുണ്ടായ ആത്മഹത്യയാണെന്ന് ആരോപിച്ചാണ് അമ്മ കഴിഞ്ഞ ദിവസം എൻഐഎ അന്വേഷണം ആവശ്യപ്പെട്ടത്. യുവതിയുടെ സുഹൃത്തും മുൻ സഹപാഠിയുമായ പറവൂർ പാനായിക്കുളം സ്വദേശി റമീസ് അറസ്റ്റിലാവുകയും ചെയ്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ, ദേഹോപദ്രവമേൽപ്പിക്കൽ, തടഞ്ഞുവയ്ക്കൽ, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് റമീസിനെതിരെ ചുമത്തിയിട്ടുള്ളത്.
എൻഐഎ അന്വേഷണ കാര്യം യുവതിയുടെ കുടുംബം കേന്ദ്രമന്ത്രിമാരുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രതികരിച്ച മന്ത്രി ജോർജ് കുര്യൻ, കേസിന്റെ എഫ്ഐആർ അനുസരിച്ചാണ് എൻഐഎ ഇടപെടുന്നത് എന്നാണ് പ്രതികരിച്ചത്. സംസ്ഥാന തലത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക എന്നും അദ്ദേഹം പറഞ്ഞു. ‘ഏതോ മാനസിക വിഷമം മൂലം’ തൂങ്ങി മരിച്ച നിലയിൽ എന്നാണ് ശനിയാഴ്ച രേഖപ്പെടുത്തിയ എഫ്ഐആറിലുള്ളത്. അതിനു ശേഷമാണ് റമീസ് പിടിയിലാകുന്നതും വിവിധ കുറ്റങ്ങൾ ചുമത്തുന്നതും. റമീസിനെതിരെ നിർബന്ധിത മതപരിവർത്തനം എന്ന വകുപ്പ് ഉൾപ്പെടുത്തിയിട്ടില്ല.
ഇന്നലെ കോതമംഗലത്ത് എത്തിയ ബിജെപി നേതാക്കളായ പി.സി.ജോർജ്, ബി.ഗോപാലകൃഷ്ണൻ എന്നിവർ ഈ വകുപ്പുകൾ കൂടി പ്രതിയ്ക്കെതിരെ ചുമത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.അതേസമയം, ഇന്ന് യുവതിയുടെ കുടുംബത്തെ സന്ദർശിച്ച സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല. എന്നാൽ എൻഐഎ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം സംസ്ഥാന പൊലീസ് മേധാവിയെ നേരിട്ട് അറിയിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞതായി യുവതിയുടെ സഹോദരൻ പറഞ്ഞു. എൻഐഎ അന്വേഷണത്തിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണ് പ്രതീക്ഷയെന്നും പ്രതിയായ റമീസിന്റെ കുടുംബത്തിന്റെ പശ്ചാത്തലം പരിശോധിക്കണമെന്നും സഹോദരൻ ആവശ്യപ്പെട്ടു. മറ്റേതെങ്കിലും പെൺകുട്ടിയെ മതപരിവർത്തനം നടത്താൻ ശ്രമിച്ചോ എന്ന് അന്വേഷിക്കണമെന്നും സഹോദരൻ പറഞ്ഞു.
















