നടൻ അജിത് കുമാറിന്റെ വാഹന ശേഖരത്തിലേക്ക് പുതിയ അതിഥി കൂടി. ഷെവർലെയുടെ സ്പോർട്സ് കാർ സ്വന്തമാക്കിയിരിക്കുകയാണ് താരം. സൂപ്പർ കാറിന് ഏകദേശം 624,800 ദിർഹം (ഏകദേശം 1.4 കോടി രൂപ) വില വരുമെന്നുമാണ് റിപ്പോർട്ട്.
സിനിമ ലോകത്തും വാഹന പ്രേമികൾക്കിടയിലും ഒരുപോലെ ഫാൻബേസുള്ള താരമാണ് അജിത് കുമാർ. അദ്ദേഹത്തിൻ്റെ ഗാരേജിൽ കാറുകളുടെയും ബൈക്കുകളുടെയും വലിയ ശേഖരംതന്നെയുണ്ട്. ഇതിഹാസ എഫ്1 ഡ്രൈവർ അയർട്ടൻ സെന്നയുടെ പേരിലുള്ള മക്ലാരൻ സെന്ന എന്ന അപൂർവ ഹൈപ്പർകാർ സ്വന്തമാക്കിയതോടെ താരം അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു.
ഷെവർലെ കോർവെറ്റ് C8 Z06 റോഡ്‌സ്റ്റർ കോർവെറ്റിൻ്റെ ഹൈ-പെർഫോമൻസ് പതിപ്പാണ് Z06. കരുത്തുറ്റ നാച്ചുറലി ആസ്പിറേറ്റഡ് V8 എൻജിനാണ് ഇതിലുള്ളത്. ട്രാക്കിലും റോഡിലും ഒരുപോലെ ആവേശം കൊള്ളിക്കാൻ ഈ സൂപ്പർകാറിന് കഴിയും. കാർ ഡെലിവറി സ്വീകരിക്കുന്നതിൻ്റെ വീഡിയോ അജിത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ദുബായിലെ ഒരു ഡീലർഷിപ്പിൽനിന്നാണ് ഷെവർലെ കോർവെറ്റ് അദ്ദേഹം വാങ്ങിയത്.
















