രാജ്യം സെമി കണ്ടക്‌ടർ മേഖലയില്‍ നേടിയ മുന്നേറ്റത്തിനൊപ്പം കുതിക്കാൻ കാത്തിരുന്ന കേരളത്തിന് കടുത്ത നിരാശ. പുതിയ നാല് സെമി കണ്ടക്‌ടർ നിർമാണ പദ്ധതിയിൽ കേരളത്തിലേയ്ക്ക് കേന്ദ്രം നിർമാണശാല നൽകിയില്ല. കേരളത്തില്‍ നിന്നും സെമി കണ്ടക്‌ടർ മേഖലയിൽ മികച്ച പ്രകടനം കാഴ്‌ച വെക്കുന്ന നിരവധി സ്റ്റാര്‍ട്ടപ്പ് കമ്പനികളുണ്ട്. നേത്രസെമി, ഇഗറ്റേറിയം, സിലിസിയം , എന്‍ഫിന്‍ഡ് എനര്‍ജി സൊലൂഷ്യന്‍സ്, നാനോമാറ്റര്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ടോസില്‍, ആറ്റ്വിക്ക് തുടങ്ങിയ ഇരുപതിലധികം കമ്പനികളാണ് സംസ്ഥാനത്ത് ഇപ്പോൾ പ്രവര്‍ത്തിക്കുന്നത്. ഇതിനിടയിലാണ് അയര്‍ലന്‍ഡ് ആസ്ഥാനമായ ട്രാസ്‌ന കേരളത്തിലെത്തിയത്.
സെമികണ്ടക്‌ടർ മേഖലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കേരളത്തെ നിരാശപ്പെടുത്തിയത് ദൗർഭാഗ്യകരമാണെന്ന് മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് പ്യൂർ ആൻ്ഡ് അപ്ലൈഡ് ഫിസിക്‌സിലെ ഡയറക്‌ടറും അധ്യാപകനുമായ ഡോ. പിആർ ബിജു ഇടിവി ഭാരതിനോട് പറഞ്ഞു. കേരളത്തിലെ പ്രമുഖ സെമി കണ്ടക്‌ടർ കമ്പനികൾക്ക് ലഭ്യമാകുന്ന വിവിധ പ്രൊജക്‌ടുകളിൽ ഏറ്റക്കുറച്ചിലുകൾ വരാൻ സാധ്യതയുണ്ടെന്നും ബിജു പ്രതികരിച്ചു.
സാങ്കേതിക സർവ്വകലാശാല, കുസാറ്റ് പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലഭ്യമാകാൻ സാധ്യതയുള്ള പ്രൊജക്‌ട് അവസരങ്ങൾക്ക് മങ്ങൽ ഏൽക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നിരുന്നാലും രാജ്യത്ത് നിർമിക്കുന്ന സെമി കണ്ടക്‌ടർ ഉത്പന്നങ്ങൾക്ക് രാജ്യാന്തര വിപണിയിൽ ഉൾപ്പെടെ വൻ തോതിൽ ആവശ്യകത വർധിക്കുമെന്നും ഇതു വഴി രാജ്യത്തിന് ലാഭം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഡോ. പിആർ ബിജു കൂട്ടിച്ചേർത്തു.















