സംവിധായകൻ വിനയന്റെ ഡ്രാക്കുള എന്ന സിനിമയിലൂടെ പ്രശസ്തനായ മലയാള നടൻ ആണ് സുധീർ. വില്ലൻ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടിയത്. മിനിസ്‌ക്രീനിലും സുധീർ അഭിനയിച്ചിട്ടുണ്ട്. ഒരിടക്ക് കരിയറിൽ നേരിടേണ്ടിവന്ന പ്രശ്‌നങ്ങൾ തുറന്നുപറഞ്ഞതിനു സുധീർ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാം പോസ്റ്റിനൊപ്പം അദ്ദേഹം പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.
എന്നാൽ നിരവധി സിനിമകളിൽ വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം ചെയ്തത് താനാണെന്ന് പലർക്കും അറിയില്ലെന്ന് സുധീർ പറഞ്ഞു. യക്ഷിയും ഞാനും എന്ന ചിത്രത്തിലെ വൃദ്ധകഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സുധീറിന്റെ കുറിപ്പ്. താൻ ഈ വേഷം ചെയ്തത് 33-ാം വയസിലായിരുന്നു എന്ന് സുധീർ പറഞ്ഞു.
“മുപ്പത്തിമൂന്നാം വയസ്സിൽ ആയിരുന്നു വിനയൻ സാറിന്റെ ‘യക്ഷിയും ഞാനും’ എന്ന സിനിമയിൽ വൃദ്ധനായി വേഷം ചെയ്തത്. ഡ്രാക്കുളയ്ക്ക് 3 വർഷം മുമ്പുള്ള ഒരു സിനിമയാണിത്.. അന്ന്, ഇന്നും പലർക്കും അറിയില്ല.. CID മൂസായിലും കൊച്ചിരാജാവിലും വേഷം ചെയ്ത ഞാൻ ആയിരുന്നു ഇതെന്ന്.. അത് അറിയാത്തവരെ അറിയിക്കാൻ ഞാനും ശ്രമിച്ചിട്ടില്ല.. അതാണ് സത്യം.” സുധീറിന്റെ വാക്കുകൾ. നിരവധി പേരാണ് ഇതിന് പ്രതികരണങ്ങളുമായെത്തിയത്. മിക്കവരും എടുത്തുപറഞ്ഞത് കൊച്ചിരാജാവ് എന്ന ചിത്രത്തിൽ സുധീർ ചെയ്ത മുത്തു എന്ന കഥാപാത്രത്തെയായിരുന്നു. ‘കയ്യും കാലും ഒടിഞ്ഞു കിടന്നിട്ടും പിറ്റേ ദിവസം കോളേജിൽ വന്ന ഞങ്ങളുടെ മുത്തു ആണ് ഹീറോ’. ‘അതിലൊരു പ്രശ്നം എന്താണെന്നാൽ CID MOOSA കണ്ടപ്പോ പക്കാ ഹിന്ദിക്കാരൻ & കൊച്ചിരാജാവിൽ പക്കാ തമിഴൻ..’, ‘പെട്ടന്ന് കണ്ടപ്പോൾ ക്യാപ്റ്റൻ രാജു ആണന്നു തോന്നി’ എന്നെല്ലാം നീളുന്നു കമന്റുകൾ.
















