തിരുവനന്തപുരം: കേന്ദ്രസർക്കാർ ഉത്തരവ് പ്രകാരം ഗവർണർ നിർദേശിച്ച വിഭജന ഭീതി ദിനാചരണം ഇന്ന്. സംസ്ഥാനത്തെ കോളജുകൾ നിർദേശം നടപ്പിലാക്കേണ്ട എന്ന നിലപാടിലാണ് സർക്കാർ. പരിപാടി നടത്തിയാൽ തടയുമെന്നാണ് എസ്എഫ്ഐയുടേയും കെഎസ്‍യുവിൻ്റേയും നിലപാട്. വിഭജന ഭീതി ദിനം ആചരിക്കുന്നതിനെ ചൊല്ലി ഗവർണറും കേരള സർക്കാറും തമ്മിൽ ഭിന്നത രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ വിവിധ സർവകലാശാല വൈസ് ചാൻസിലർമാർ ഗവർണറുടെ നിർദേശം കോളജുകൾക്ക് കൈമാറിയിട്ടുണ്ട്.
പ്രധാനമന്ത്രി 2021 പ്രഖ്യാപിച്ച നിർദേശപ്രകാരമാണ് സർക്കുലർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ചാൻസലർമാർക്ക് അയച്ചത്. കഴിഞ്ഞവർഷവും കേരളത്തിലെ സർവകലാശാലകളിൽ ഗവർണർ നിർദേശം നൽകിയിരുന്നെങ്കിലും പരിപാടികളൊന്നും നടന്നിരുന്നില്ല. വിഭജന ഭീതിദിനം ആചരിക്കണമെന്ന് ചാൻസലറും പാടില്ലെന്ന് പ്രോ ചാൻസ്ലറും നിലപാടെടുത്തു. സർവ്വകലാശാലകളിലും കോളേജുകളിലും ആകെ ആശയക്കുഴപ്പമാണ്.
സംഘപരിവാർ അജണ്ടക്കുള്ള നീക്കമെന്ന നിലയിൽ വ്യപകമായ പ്രതിഷേധം ഉയരുമ്പോഴും ദിനാചരണത്തിൽ രാജ്ഭവന് വിട്ടുവീഴ്ചയില്ല. പരിപാടികൾ സംഘടിപ്പിക്കണണെന്ന മുൻ നിർദ്ദേശം ഓർമ്മിപ്പിച്ചുള്ള പുതിയ കത്തിൽ ആക്ഷൻ ടേക്കൺ റിപ്പോർട്ട് കൂടി വിസിമാരോട് ആവശ്യപ്പെടുന്നു ഗവർണർ. രാജ്ഭവൻ നിർദ്ദേശം പാലിക്കരുതെന്നാണ് സർക്കാർ നിലപാട്.
















