ന്യൂഡല്‍ഹി: വോട്ടുകൊളളയില്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. ഇന്ന് ഡിസിസി ഓഫീസുകളില്‍ പന്തം കൊളുത്തി പ്രകടനം നടത്താനാണ് തീരുമാനം. ഈ മാസം 22 മുതൽ സെപ്റ്റംബർ ഏഴ് വരെ പ്രചാരണ റാലികളും സംഘടിപ്പിക്കും. ‘വോട്ട് ചോര്‍, ഗഡ്ഡി ഛോഡ്’ എന്ന മുദ്രാവാഖ്യം ഉയർത്തിയാകും റാലികൾ.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ ഞായറാഴ്ച മുതൽ തേജസ്വി യാദവിനൊപ്പം രാഹുൽ ഗാന്ധി പര്യടനം നടത്തും. പ്രചാരണ പരിപാടികളിൽ ‘ഇന്ത്യ’ സഖ്യത്തിലെ മറ്റ് കക്ഷികളെയും പങ്കെടുപ്പിക്കാനാണ് കോൺഗ്രസിൻ്റെ നീക്കം. അതേസമയം, വയനാട്, റായ്ബറേലി മണ്ഡലങ്ങളിലെ വോട്ടർ പട്ടിക ക്രമക്കേടുകൾ സംബന്ധിച്ച് ബിജെപി ഉന്നയിച്ച ആരോപണങ്ങളോട് കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
എസ്‌ഐആറിൽ കേന്ദ്ര സർക്കാരിനെ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി വെല്ലുവിളിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്‌ഐആറിനെ കേന്ദ്രം പിന്തുണയ്ക്കുകയാണെങ്കിൽ ധാർമ്മിക കാരണങ്ങളാൽ ലോക്‌സഭ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് അഭിഷേക് പറഞ്ഞു. ആരെങ്കിലും എസ്‌ഐആറിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ ഈ രാജ്യത്തെ ജനങ്ങൾ വഞ്ചിക്കപ്പെടുകയാണെന്ന് പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
















