വാഷിങ്ടണ്‍: യുക്രൈന്‍ യുദ്ധം തുടർന്നാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് റഷ്യക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. എന്നാല്‍, ഏതുവിധത്തിലുള്ള പ്രത്യാഘാതമാണ് ഉണ്ടാവുക എന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയില്ല.
വെള്ളിയാഴ്ച അലാസ്‌കയില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്കുശേഷം യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പുതിന്‍ തയ്യാറായില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ നേതാക്കളുമായി നടന്ന ഓണ്‍ലൈന്‍ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. യൂറോപ്യന്‍ നേതാക്കളും സെലെന്‍സ്‌കിയുമായുള്ള ഓണ്‍ലൈന്‍ മീറ്റിങ്ങിനെ വളരെ സൗഹാര്‍ദപരമെന്ന് വിശേഷിപ്പിച്ച ട്രംപ്, യോഗത്തിന് പത്തില്‍ പത്തുമാര്‍ക്കും നല്‍കി.
അതേസമയം, ഓണ്‍ലൈന്‍ യോഗത്തില്‍ പുതിനെതിരേ സെലെന്‍സ്‌കി അതിരൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. യുക്രൈനിലെ എല്ലാ മേഖലകള്‍ക്കു മീതെയും സമ്മര്‍ദം ചെലുത്താനുള്ള ശ്രമമാണ് പുതിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുക്രൈനെ പൂര്‍ണമായും പിടിച്ചടക്കാനുള്ള ശേഷിയുണ്ടെന്ന് കാണിക്കാനാണ് റഷ്യ ഇങ്ങനെ ചെയ്യുന്നതെന്നും സെലെന്‍സ്‌കി ആരോപിച്ചു. ഉപരോധം തങ്ങളെ ബാധിക്കുന്നില്ലെന്നും നിഷ്ഫലമാണെന്നുമുള്ള വിധത്തിലാണ് പുതിന്റെ പ്രതികരണം. എന്നാല്‍, വാസ്തവത്തില്‍ അത് റഷ്യയുടെ യുദ്ധസമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















