മുംബൈ: ബോളിവുഡ് നടി ശില്പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രക്കും എതിരേ വഞ്ചനാകുറ്റത്തിന് കേസ്. 60 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന മുംബൈയിലെ വ്യവസായിയായ ദീപക് കോത്താരിയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. 2015 മുതല്‍ 2023 വരെയുള്ള കാലയളവിൽ പണം തട്ടിയെന്നാണ് പരാതിയില്‍ പറയുന്നത്.
ദമ്പതിമാര്‍ക്ക് പുറമേ മറ്റൊരാള്‍കൂടി കേസിലെ പ്രതിയാണ്. ലോട്ടസ് കാപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് പരാതിക്കാരനായ ദീപക് കോത്താരി.ശില്പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും ഉടമസ്ഥതയിലുള്ള ‘ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലൂടെ 60 കോടി രൂപ തട്ടിയെടുത്തെന്നാണ് ദീപക് കോത്താരിയുടെ പരാതി. നിലവില്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ല. ഹോം ഷോപ്പിങ്, ഓണ്‍ലൈന്‍ ഷോപ്പിങ് സേവനങ്ങളുമായാണ് ‘ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡ്’ പ്രവര്‍ത്തിച്ചിരുന്നത്.
രാജേഷ് ആര്യ എന്നയാളാണ് ശില്പ ഷെട്ടിയെയും രാജ് കുന്ദ്രയെയും ദീപക് കോത്താരിക്ക് പരിചയപ്പെടുത്തി നല്‍കിയത്. ഈസമയം, ബെസ്റ്റ്ഡീല്‍ ടിവിയുടെ 87.6 ശതമാനം ഓഹരികളും ശില്പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും പേരിലായിരുന്നു. തുടര്‍ന്ന് ദമ്പതിമാര്‍ 75 ലക്ഷം രൂപ വായ്പയായി ദീപക്ക് കോത്താരിയില്‍നിന്ന് ആവശ്യപ്പെട്ടു. പിന്നീട് പ്രതിമാസം നിശ്ചിത പ്രതിഫലം വാഗ്ദാനംചെയ്ത് നിക്ഷേപം നടത്താനും പറഞ്ഞു. ഇതനുസരിച്ച് 2015 ഏപ്രിലില്‍ 31.95 കോടി രൂപയും അതേവര്‍ഷം സെപ്റ്റംബറില്‍ 28.53 കോടി രൂപയും ബെസ്റ്റ്ഡീല്‍ ടിവിയുടെ അക്കൗണ്ടിലേക്ക് കൈമാറി. എന്നാല്‍ 2016 സെപ്റ്റംബറില്‍ ശില്പ ഷെട്ടി കമ്പനിയുടെ ഡയറക്ടര്‍സ്ഥാനത്തുനിന്ന് രാജിവെച്ചു.
പിന്നാലെ കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടികളും തുടങ്ങി. ഇതിനിടെ ഇടനിലക്കാരനായ രാജേഷ് ആര്യ വഴി തന്റെ പണം തിരികെവാങ്ങാന്‍ നിരവധിശ്രമങ്ങള്‍ നടത്തിയെങ്കിലും ദമ്പതിമാര്‍ പണം നല്‍കിയില്ലെന്നും കമ്പനിയുടെ പേരില്‍ വാങ്ങിയ പണം ഇരുവരും വ്യക്തിഗത ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിച്ചതെന്നും പരാതിയില്‍ പറയുന്നു.പത്തുകോടി രൂപയ്ക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ് പരാതിയായതിനാല്‍ സംഭവത്തില്‍ മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ഈ വര്‍ഷമാദ്യം സ്വര്‍ണനിക്ഷേപത്തിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചും ശില്പ ഷെട്ടിക്കെതിരേ പരാതി ഉയര്‍ന്നിരുന്നു. 2021-ല്‍ കുപ്രസിദ്ധമായ നീലച്ചിത്ര നിര്‍മാണക്കേസില്‍ രാജ് കുന്ദ്ര അറസ്റ്റിലാവുകയും ഇതിനുപിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള കേസുകളില്‍ അന്വേഷണം നേരിടുകയുംചെയ്തിരുന്നു.
















