തിരുവനന്തപുരം: നേമം കല്ലിയൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കുരുട്ടുവിക്കട്ടുവിളയ്ക്ക് സമീപം ബിന്‍സിയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുനില്‍ മദ്യപിച്ചെത്തുകയും തുടർന്ന് വഴക്കുണ്ടാക്കുകയും ചെയ്തിരുന്നതായാണ് വിവരം.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കൊലപാതകമെന്നാണ് പോലീസ് നല്‍കുന്ന വിവരം. വ്യാഴാഴ്ച രാവിലെ 11 മണിയോടെ അയല്‍വാസികളാണ് കഴുത്തിന് വെട്ടേറ്റ് രക്തത്തില്‍ കുളിച്ചനിലയില്‍ ബിന്‍സിയെ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ശാന്തിവിളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
ബുധനാഴ്ച രാത്രി ഇയാള്‍ വീട്ടിലെത്തുമ്പോൾ ഭാര്യ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും ഇതാണ് വഴക്കിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ നേമം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
















