പട്‌ന: വോട്ടുമോഷണത്തിന് എതിരായ പോരാട്ടത്തിന് ബിഹാറിൽ നിന്ന് തുടക്കം കുറിക്കാൻ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്‌ഐആറിനെതിരേ (സ്‌പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍) ‘വോട്ടര്‍ അധികാര്‍ യാത്ര’യുമായി ഇന്ത്യ മുന്നണി. ഓഗസ്റ്റ് 17-ാം തീയതി മുതല്‍ ആണ് യാത്ര ആരംഭിക്കുക.
വോട്ടര്‍ അധികാര്‍ യാത്രയിലൂടെ വോട്ടുമോഷണത്തിനെതിരായ നേരിട്ടുള്ള പോരാട്ടത്തിന് ബിഹാറിന്റെ മണ്ണില്‍നിന്ന് തുടക്കം കുറിക്കുകയാണ്, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു.രാഹുല്‍ ഗാന്ധിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ഉള്‍പ്പെടെയുള്ള മഹാസഖ്യനേതാക്കള്‍ സംസ്ഥാനത്തുടനീളം വോട്ടര്‍ അധികാര്‍ യാത്ര നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എക്‌സിലെ കുറിപ്പില്‍ അറിയിച്ചു.
ഓഗസ്റ്റ് 17-ാം തീയതി സാസാരാമില്‍നിന്ന് ആരംഭിക്കുന്ന യാത്ര, ഗയ, മുംഗേര്‍, ഭഗല്‍പുര്‍, കടിഹാര്‍, പുര്‍ണിയ, മധുബനി, ധര്‍ഭംഗ, പശ്ചിം ചമ്പാരന്‍ എന്നിവിടങ്ങളില്‍ വോട്ടര്‍ അധികാര്‍ യാത്ര കടന്നുപോകും. അറയില്‍ മുപ്പതാം തീയതിയാണ് യാത്ര സമാപിക്കുക. സെപ്റ്റംബര്‍ ഒന്നാം തീയതി പട്‌നയില്‍ മെഗാ വോട്ടര്‍ അധികാര്‍ റാലി സംഘടിപ്പിക്കുമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
വോട്ടുമോഷണം കേവലം തിരഞ്ഞെടുപ്പു വിഷയമല്ല. ജനാധിപത്യത്തെയും ഭരണഘടനയെയും ‘ഒരാള്‍ക്ക് ഒരു വോട്ട്’ എന്ന തത്വത്തെയും സംരക്ഷിക്കാനുള്ള നിര്‍ണായക പോരാട്ടമാണിത്. രാജ്യമെമ്പാടും കുറ്റമറ്റ വോട്ടര്‍പട്ടിക ഉറപ്പാക്കുമെന്നും രാഹുല്‍ എക്‌സിലെ കുറിപ്പില്‍ പറഞ്ഞു. യുവാക്കളോടും തൊഴിലാളികളോടും കര്‍ഷകരോടും എല്ലാ പൗരന്മാരോടും വോട്ടര്‍ അധികാര്‍ യാത്രയുടെ ഭാഗമാകാനും രാഹുല്‍ അഭ്യര്‍ഥിച്ചു. ഇത്തവണ വോട്ടുകള്ളന്മാര്‍ പരാജയപ്പെടുമെന്നും ജനങ്ങളുടെയും ഭരണഘടനയുടെയും വിജയം സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















