ലഖ്‌നൗ: നിയമസഭയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രകീര്‍ത്തിച്ച സമാജ് വാദി പാര്‍ട്ടി എംഎല്‍എ പൂജാ പാലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആണ് എംഎല്‍എയെ പുറത്താക്കിയത്. കടുത്ത അച്ചടക്കരാഹിത്യവും പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
2005-ല്‍ ഭര്‍ത്താവും മുന്‍ ബിഎസ്പി എംഎല്‍എയുമായ രാജു പാലിന്റെ കൊലപാതകക്കേസിലെ പ്രതിയായ അതീഖ് അഹമ്മദിനെതിരെ യോഗി ആദിത്യനാഥ് സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നടപടിയെ പൂജ പാല്‍ പ്രകീര്‍ത്തിച്ചിരുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ യോഗി ആദിത്യനാഥിനായെന്നും പൂജ പാല്‍ പറയുകയുണ്ടായി. ഉത്തര്‍പ്രദേശ് നിയമസഭയില്‍ നടന്നുകൊണ്ടിരിക്കുന്ന ‘വിഷന്‍ ഡോക്യുമെന്റ് 2047’ എന്ന വിഷയത്തിലുള്ള മാരത്തണ്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു അവരുടെ പരാമര്‍ശം.
‘എന്റെ ഭര്‍ത്താവ് എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നും ആരാണ് അത് ചെയ്തതെന്നും എല്ലാവര്‍ക്കും അറിയാം. ആരും കേള്‍ക്കാനില്ലാതിരുന്നപ്പോള്‍ എന്നെ കേള്‍ക്കാന്‍ തയ്യാറായ മുഖ്യമന്ത്രിക്ക് ഞാന്‍ നന്ദി പറയുന്നു. അദ്ദേഹം പ്രയാഗ്‌രാജില്‍ എന്നെപ്പോലുള്ള നിരവധി സ്ത്രീകള്‍ക്ക് നീതി നല്‍കുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്തു, ഇന്ന് സംസ്ഥാനം മുഴുവന്‍ മുഖ്യമന്ത്രിയെ വിശ്വാസത്തോടെയാണ് നോക്കിക്കാണുന്നത്’ സമാജ് വാദി പാര്‍ട്ടി എംഎല്‍എ പറഞ്ഞു.
2005 ജനുവരിയിലാണ് ബിഎസ്പി എംഎല്‍എയും പൂജയുടെ ഭര്‍ത്താവുമായ രാജു പാല്‍ കൊല്ലപ്പെട്ടത്. പൂജാ പാലുമായുള്ള വിവാഹം കഴിഞ്ഞ് വെറും ഒമ്പത് ദിവസത്തിന് ശേഷമായിരുന്നു കൊലപാതകം. അലഹബാദ് വെസ്റ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അതീഖ് അഹമ്മദിന്റെ സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയായിരുന്നു രാജു പാല്‍ പരാജയപ്പെടുത്തിയിരുന്നത്. അതീഖ് അഹമ്മദും അഷ്‌റഫ് അഹമ്മദും പിന്നീട് വ്യത്യസ്ത കേസുകളില്‍ പോലീസ് കസ്റ്റഡിയിലായി.
2023-ല്‍ പോലീസ് കസ്റ്റഡിയില്‍ അതീഖ് അഹമ്മദ് കൊല്ലപ്പെടുകയും ചെയ്തു.പറഞ്ഞ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പുറത്താക്കിയതിന് ശേഷം പൂജാ പാല്‍ പ്രതികരിച്ചു. ‘എന്നെക്കാള്‍ കൂടുതല്‍ വിഷമിച്ചിരുന്ന പ്രയാഗ്രാജിലെ സ്ത്രീകളുടെ ശബ്ദം നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. എന്നാല്‍ ഞാന്‍ അവരുടെ ശബ്ദമാണ്, ഒരു എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട് നിയമസഭയിലേക്ക് അയക്കപ്പെട്ടവളാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട അമ്മമാരുടെയും സഹോദരിമാരുടെയും ശബ്ദമാണ് ഞാന്‍. അവരാണ് എന്നെ ഇവിടേക്ക് അയച്ചത്. പൂജാ പാലിന് മാത്രമല്ല, അതീഖ് അഹമ്മദ് കാരണം ബുദ്ധിമുട്ടിയ പ്രയാഗ്രാജിലെ എല്ലാ ജനങ്ങള്‍ക്കും മുഖ്യമന്ത്രി നീതി നല്‍കിയിട്ടുണ്ട്’ പൂജാ പാല്‍ പറഞ്ഞു.
















