കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ പുതിയതായി സ്ഥാപിച്ച LED ഫ്ളഡ് ലൈറ്റുകളുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ രാത്രി ഏഴിന് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ നിര്‍വഹിക്കും. ചടങ്ങില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍, ടീം ഉടമകള്‍, ക്ഷണിക്കപ്പെട്ട വിശിഷ്ട അതിഥികള്‍, കെസിഎ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. പഴയ മെറ്റല്‍ ഹലയ്ഡ് ഫ്ളഡ് ലൈറ്റുകള്‍ മാറ്റിയാണ് ആധുനിക സാങ്കേതികവിദ്യയോട് കൂടിയുള്ള പുതിയ എല്‍ഇഡി ഫ്ളഡ് ലൈറ്റുകള്‍ സ്ഥാപിച്ചത്. ഡിഎംഎക്‌സ് കണ്‍ട്രോള്‍ സിസ്റ്റമാണ് പ്രധാന സവിശേഷത. ഇത് ഉപയോഗിച്ച് ലൈറ്റുകളുടെ പ്രകാശതീവ്രത പൂജ്യം ശതമാനം മുതല്‍ 100% വരെ കൃത്യമായി നിയന്ത്രിക്കാനാകും.
കൂടാതെ, ഫേഡുകള്‍, സ്‌ട്രോബുകള്‍ പോലുള്ള ലൈറ്റിംഗ് സ്പെഷ്യല്‍ ഇഫക്ടുകള്‍ സാധ്യമാണ്. സംഗീതത്തിനനുസരിച്ച് ലൈറ്റുകള്‍ ചലിപ്പിക്കുന്ന ഡൈനാമിക്, ഓഡിയോ-റിയാക്ടീവ് ലൈറ്റിംഗ് ക്രമീകരണങ്ങള്‍ക്കും ഈ സംവിധാനം സഹായിക്കും. ഇത്തരം സംവിധാനങ്ങളുള്ള രാജ്യത്തെ ചുരുക്കം സ്റ്റേഡിയങ്ങളിലൊന്നാണ് കാര്യവട്ടം സ്പോര്‍ട്സ് ഹബ്. സ്റ്റേഡിയത്തിലെ നാല് ടവറുകളിലായി 1600 വാട്ട്സ് പ്രൊഫഷണല്‍ എല്‍ഇഡി ഗണത്തില്‍പ്പെട്ട 392 ലൈറ്റുകളാണുള്ളത്. ഓരോ ടവറിലും രണ്ട് ഹൈ-മാസ്റ്റ് സംവിധാനങ്ങളുണ്ട്. പുതിയ ഫ്ലഡ്ലൈറ്റുകള്‍ സ്ഥാപിച്ചതോടെ രാത്രികാല മത്സരങ്ങള്‍ കൂടുതല്‍ സുഗമമായി നടത്താനാകുമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍ പറഞ്ഞു. കളിക്കാര്‍ക്കും കാണികള്‍ക്കും മികച്ച ദൃശ്യാനുഭവം നല്‍കുന്നതിനൊപ്പം, എച്ച്.ഡി ബ്രോഡ്കാസ്റ്റിംഗ് നിലവാരത്തിലേക്ക് സ്റ്റേഡിയത്തെ ഉയര്‍ത്താനും ഇത് സഹായിക്കും.
ഊര്‍ജ്ജക്ഷമത കൂടിയ ലൈറ്റുകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്റ്റേഡിയത്തിന് വലിയ മുതല്‍ക്കൂട്ട് ആകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജി.എസ്.ടി ഉള്‍പ്പെടെ 18 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. ഫിലിപ്സിന്റെ ഉപ കമ്പനിയായ സിഗ്നിഫൈയാണ് എല്‍ഇഡി ലൈറ്റ്സിന്റെ നിര്‍മ്മാതാക്കള്‍. മെര്‍കുറി ഇലക്ട്രിക്കല്‍ കോര്‍പറേഷന്‍സാണ് ഫ്ലഡ് ലൈറ്റ് സ്ഥാപിച്ചത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ദൃശ്യവിസ്മയം ഒരുക്കുന്ന ലേസര്‍ ഷോയും ഉണ്ടായിരിക്കും.
CONTENT HIGH LIGHTS; New floodlights at Greenfield International Stadium to be inaugurated tomorrow
















