ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായ സൈനികർക്ക് ധീരതാ മെഡലുകൾ നൽകി ആദരിക്കുമെന്ന് മുതിർന്ന പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. 7 ഉന്നത സൈനിക ഉദ്യോഗസ്ഥർക്ക് ശൗര്യ മെഡലുകൾ നൽകി ആദരിക്കും.
ഓപ്പറേഷൻ്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച കര, നാവിക, വ്യോമ സേനകളിലെ ഉദ്യോഗസ്ഥർക്കും ഉന്നത സൈനിക ബഹുമതികൾ നൽകും. രാജ്യത്തെ ഏറ്റവും ഉയർന്ന യുദ്ധകാല വിശിഷ്ട സേവന ബഹുമതിയായ സർവോത്തം യുദ്ധ സേവാ മെഡൽ നാല് ഇന്ത്യൻ വ്യോമസേനാ (IAF) ഉദ്യോഗസ്ഥർക്ക് സമ്മാനിക്കും.ഏറ്റവും ഉന്നതമായ വിശിഷ്ട സേവനത്തിന് നൽകുന്ന പരം വിശിഷ്ട് സേവാ മെഡലിന് തത്തുല്യമായ യുദ്ധകാല ബഹുമതിയാണിത്.
ഇതുസംബന്ധിച്ച പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ പ്രഥമ പ്രതിരോധ നിരയായ അതിർത്തി രക്ഷാസേനയിൽ രാഷ്ട്രം അർപ്പിച്ച വിശ്വാസത്തിന്റെയും ഉറപ്പിന്റെയും സാക്ഷ്യപത്രമാണ് ഈ മെഡലുകൾ എന്ന് ബിഎസ്എഫ് എക്സിൽ കുറിച്ചു.
















