ശരീരത്തെ തണുപ്പിക്കുന്ന ഒരു വേനൽക്കാല പാനീയം മാത്രമല്ല മോര്. പ്രോബയോട്ടിക് സമ്പുഷ്ടവും കുറഞ്ഞ കാറിയുമുള്ള ഒരു പാനീയമാണ്. ഭാരം കുറഞ്ഞതും ദഹിക്കാൻ എളുപ്പമുള്ളതും കാൽസ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി 12, റൈബോഫ്ലേവിൻ തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടവുമാണ്. ദഹനത്തിന് സഹായിക്കുകയും ആസക്തികളെ നിയന്ത്രിക്കുകയും, നന്നായി ഉറങ്ങാൻ സഹായിക്കുകയും ചെയ്യും.
മോരിൽ പ്രോബയോട്ടിക്കുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യം നിയന്ത്രിക്കുക, ദഹനം മെച്ചപ്പെടുത്തുക, വയറു വീർക്കുന്നത് കുറയ്ക്കുക, ഉപാപചയം വർധിപ്പിക്കുക തുടങ്ങിയ ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്.
പുളിപ്പിച്ച ഭക്ഷണങ്ങളും ശരീരഭാരം നിയന്ത്രിക്കലും തമ്മിലുള്ള ബന്ധം നിരവധി പഠനങ്ങൾ പരിശോധിച്ചിട്ടുണ്ട്. മോരിൽ ലാക്ടോബാസിലസ് അസിഡോഫിലസ്, ബിഫിഡോബാക്ടീരിയം ബിഫിഡം എന്നിവ അടങ്ങിയിട്ടുണ്ട്. ദഹനത്തിന് സഹായിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്ന നല്ല ബാക്ടീരിയകളാണിവ. ഇത് വിശപ്പും പൂർണ്ണതയും സംബന്ധിച്ച ഹോർമോണുകളെ കൂടുതൽ സ്വാധീനിക്കുകയും, നിങ്ങൾക്ക് സംതൃപ്തി തോന്നാനും രാത്രി വൈകിയുള്ള ലഘുഭക്ഷണം ഒഴിവാക്കാനും സഹായിക്കുന്നു.
മോര് പ്രോട്ടീന്റെ നല്ലൊരു ഉറവിടമാണ്. ഇത് ദഹിക്കാൻ കൂടുതൽ സമയമെടുക്കുകയും കൂടുതൽ നേരം വയറു നിറയ്ക്കുകയും ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന ഘടകമായ മൊത്തത്തിലുള്ള കാലറി ഉപഭോഗം കുറയ്ക്കും. ആരോഗ്യ ഗുണങ്ങൾ ഉണ്ടെങ്കിലും മിതത്വം പ്രധാനമാണ്. ഉറങ്ങുന്നതിനു മുൻപ് അമിതമായി കുടിക്കരുത്.
















