മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകം പേവിഷബാധയാണ്. മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് (Zoonosis) പേവിഷബാധ അഥവാ റാബീസ് (Rabies). പേവിഷബാധ ഉണ്ടാക്കുന്നത് ഒരു ആര്.എന്‍.എ. വൈറസാണ് ലിസ വൈറസ്. ഉഷ്ണരക്തമുള്ള എല്ലാ ജീവജാലങ്ങളെയും പേവിഷം ബാധിക്കും. പ്രകടമായ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഒരു വൈദ്യശാസ്ത്രത്തിനും ഒരാളെയും രക്ഷിക്കാന്‍ കഴിയില്ല.
നായകളിലും പൂച്ചകളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. പന്നി, കഴുത, കുതിര, കുറുക്കന്, ചെന്നായ, കുരങ്ങന്, അണ്ണാന് എന്നീ മൃഗങ്ങളെയും പേവിഷം ബാധിക്കാറുണ്ട്. വളര്‍ത്തുമൃഗങ്ങളെയും വന്യമൃഗങ്ങളെയും ഒരുപോലെ രോഗം ബാധിക്കും.
രോഗം ബാധിച്ച മൃഗങ്ങള്‍ നക്കുമ്പോഴും മാന്തുമ്പോഴും കടിക്കുമ്പോഴും ഉമിനീരിലുള്ള രോഗാണുക്കള്‍ മുറിവുകള്‍ വഴി മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തില്‍ പ്രവേശിക്കുന്നു. ഈ അണുക്കള്‍ നാഡികളിലൂടെ സഞ്ചരിച്ച് തലച്ചോറിലെത്തി രോഗമുണ്ടാക്കുന്നു. തലച്ചോറിലെത്തുന്ന വൈറസുകള്‍ അവിടെ പെരുകി ഉമിനീരിലൂടെ വിസര്‍ജിക്കപ്പെടുന്നു.
തെരുവുനായ്ക്കളെ ഭയന്ന് കേരളത്തിലെ നിരത്തുകളിലൂടെ ജീവന്‍ പണയം വച്ചാണ് ആളുകള്‍ നടക്കുന്നത്. നിരവധിപേരാണ് തെരുവുനായയുടെ ആക്രമണത്തിന് ദിവസവും ഇരയാവുന്നത്. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. വീടിനുള്ളില്‍ വരെ ഓടിക്കയറി ആക്രമണം നടത്തുന്ന സംഭവങ്ങളും ഒട്ടേറെയാണ്.
കേരളത്തില്‍ മാത്രമല്ല ഡല്‍ഹിയിലും തെരുവുനായയുടെ ആക്രമണം രൂക്ഷമാണ്. ഡല്‍ഹിയിലെ തെരുവ് നായകളെയെല്ലാം എട്ടാഴ്‌ചയ്ക്കുള്ളില്‍ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത് കഴിഞ്ഞ ദിവസമാണ്. ഒരു പെണ്‍കുട്ടി പേവിഷ ബാധം മൂലം മരിച്ച സംഭവമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ആ മരണത്തെ തുടര്‍ന്നാണ് മൂന്ന് ലക്ഷം നായ്ക്കളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന് കോടതി ഉത്തരവിട്ടത്.
ഡൽഹിയുടെ പ്രാന്തപ്രദേശങ്ങൾ ഉൾപ്പെടെ എല്ലായിടത്ത് നിന്നും എല്ലാ തെരുവുനായകളെ പിടികൂടി മറ്റൊരിടത്തേക്ക് മാറ്റണമെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് പറഞ്ഞത്. വികാരങ്ങൾക്കുള്ള സമയമല്ല, നടപടിയെടുക്കാനുള്ള സമയമാണിതെന്ന് ബെഞ്ച് വ്യക്തമായി പറഞ്ഞിരുന്നു. തെരുവു നായകളെ പിടികൂടി ഷെല്‍ട്ടറുകളില്‍ ആക്കുന്നത് വരെ കുട്ടികളുടെയും പ്രായമായവരുടെയും സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
പേവിഷബാധയ്ക്ക് മുന്നില്‍ മരുന്നുകള്‍ തോറ്റുപോകുന്നുവെന്ന ചില വാര്‍ത്തകള്‍ വരുമ്പോള്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ ചില മുന്നൊരുക്കങ്ങൽ നടത്തേണ്ടതുണ്ട്.
പേപ്പട്ടി കടിച്ചാല്‍ ഉടന്‍ കുത്തിവയ്പ്പ് എടുക്കുകയല്ല പ്രധാനം. കടിയേറ്റ ഭാഗം മുഴുവന്‍ ഏറെ നേരം സോപ്പ്, വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയാണ്. മുറിവിലുള്ല വൈറസ് പരമാവധി ഒഴിവാക്കാനാണ് ഇത്. ഇതിന് ശേഷം കുത്തിവയ്പ്പ് എടുക്കണം. ചിലപ്പോള്‍ പേവിഷബാധ കുത്തിവയ്പ്പ് എടുത്താലും (ആന്‍റി റേബിസ് വാക്‌സിന്‍) അപൂര്‍വമായി പേവിഷബാധയ്ക്ക് സാധ്യതയുണ്ട്. എവിടെയാണ് കടിയേറ്റത് എന്നതിനെകൂടി ആശ്രയിച്ചായിരിക്കും ഇത്.
കുട്ടികള്‍ക്ക് നായയുടെ കടിയേല്‍ക്കുമ്പോള്‍ അപകടം കൂടുതലാണ്. കാരണം മുതിര്‍ന്നവരെ പട്ടി കടിക്കുന്നത് മിക്കപ്പോഴും കാലിലോ ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലോ ആയിരിക്കും. എന്നാല്‍ കുട്ടികള്‍ ഉയരം കുറവായതിനാല്‍ തന്നെ പട്ടിയുടെ കടി മിക്കപ്പോഴും ഏല്‍ക്കുന്നത് തലയിലോ കഴുത്തിലോ മുഖത്തൊക്കെയാവും. ഇത് കുട്ടികളില്‍ പെട്ടെന്ന് പേവിഷബാധയുണ്ടാക്കാന്‍ ഇടയാക്കും.
കടിയേറ്റ ഭാഗത്തെ മുറിവിലൂടെയാണ് പേപ്പട്ടിയുടെ ഉമിനീരില്‍ നിന്നുള്ള വൈറസ് മനുഷ്യ ശരീരത്തിലേക്ക് കടക്കുന്നത്. ഇത് നാഡികളിലൂടെ സഞ്ചരിച്ച് സുഷുമ്നയിലും തലച്ചോറിലുമെത്തുമ്പോഴാണ് പേവിഷ ബാധയുണ്ടാകുന്നത്. പേവിഷബാധ ഒരു ദിവസം ഒന്നോ രണ്ടോ സെന്‍റിമീറ്റര്‍ മാത്രമാണ് സഞ്ചരിക്കുന്നത്. അത്രയും സാവധാനമാണ് ഇവയുടെ നീക്കം.
അതുകൊണ്ടു തന്നെ കടിയേറ്റ ഭാഗത്തു നിന്ന് തലച്ചോറിലേക്കെത്തുന്നതിന് മുൻപേ വാക്‌സീന്‍ ഉപയോഗിച്ച് ഇവയെ നിർവീര്യമാക്കുകയാണ് ചെയ്യുന്നത്. തലച്ചോറിനെ ബാധിച്ച് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ പിന്നെ ചികിത്സ ദുർഘടമാണ്.
പേവിഷബാധയ്ക്ക് കുത്തിവയ്പ്പുകള്‍ രണ്ടുതരത്തിലാണ്. ഇൻട്രാഡെർമൽ റേബീസ് വാക്സീൻ (ഐഡിആർവി), ആന്‍റി ബോഡി അഥവാ ഇമ്മ്യൂണോ ഗ്ലോബുലിൻ എന്നി വാക്‌സിനുകളിണവ. മുറിവിന്‍റെ കാഠിന്യമനുസരിച്ചാണ് വാക്‌സിന്‍ ഏതെടുക്കണമെന്ന് ഡോക്‌ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.
ചെവി, മൂക്ക്, ചുണ്ട്,കഴുത്ത്, തല, വിരല്‍ത്തുമ്പ്, മുഖം എന്നിങ്ങനെ നാഡികള്‍ കൂടുതല്‍ ഭാഗങ്ങളിലാണ് കടിക്കുന്നതെങ്കില്‍ അപകട സാധ്യത കുടുതലാണ്. കാരണം പ്രതിരോധ മരുന്ന് ശരീരത്തില്‍ എത്തുന്നതിന് മുന്‍പേ വൈറസ് തലച്ചോറില്‍ എത്തി വിഷബാധയുണ്ടാക്കാം. എന്നാല്‍ കാലിലോ മറ്റോ ആണ് കടിയേല്‍ക്കുന്നതെങ്കില്‍ വൈറസ് തലച്ചോറിലെത്താന്‍ സമയമെടുക്കും. ചിലപ്പോള്‍ ഒരു മാസം വരെ എടുക്കും. ഇതുകൊണ്ടാണ് പ്രതിരോധ വാക്‌സിന്‍ എടുത്താലും ചിലരില്‍ പേവിഷബാധയുണ്ടാകുന്നത്.
പട്ടികളെ ഭയന്ന് നിരത്തിലിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. കൂട്ടം കൂടിയെത്തുന്ന തെരുവ് നായ നിങ്ങളെ പിന്തുടരുകയാണെങ്കില്‍ ചില തന്ത്രങ്ങള്‍ പരീക്ഷിക്കാം. അതെന്താണെന്ന് നോക്കാം.
പേപ്പട്ടി ഓടി വരുന്നത് കണ്ടാൽ രക്ഷപ്പെടാൻ സുരക്ഷിതമായ ഇടത്തേക്ക് മാറണം. കഴിയുമെങ്കില്‍ ഉയരത്തിലേക്ക് കയറി നില്‍ക്കാം. മതിലോ വാഹനങ്ങളോ ഉണ്ടെങ്കില്‍ അതിന് മുകളിലേക്ക് കയറി നില്‍ക്കാം. ഗേറ്റ് ഉണ്ടെങ്കില്‍ പെട്ടെന്ന് അത് തുറന്ന് അകത്ത് കയറി നില്‍ക്കാം. അതത് സാഹചര്യങ്ങളില്‍ ഏറ്റവും സുരക്ഷിതമായ ഇടം തേടാം.
ഇനി പട്ടിയെ ഭയന്ന് ഓടുന്നതിനിടയില്‍ പെട്ടെന്ന് വീഴുകയും നായയുടെ കടിയേല്‍ക്കുകയും ചെയ്‌താല്‍ മുഷ്‌ടികള്‍ ചുരുട്ടി ഇരുചെവികളും പൊത്തി തല ഭാഗത്തും വിരലുകളുടെ അഗ്രഭാഗത്തും കടിയേല്‍ക്കാതെ റ പോലെ ചുരുണ്ടു കിടക്കാം. അങ്ങനെയെങ്കില്‍ വിരല്‍ത്തുമ്പത്തും ചെവിയിലും മുഖത്തും മറ്റും കടിയേല്‍ക്കാതെ രക്ഷപ്പെടാം.
തെരുവ് നായയെ കണ്ടാല്‍ അതിനെ രൂക്ഷമായി അതിന്‍റെ കണ്ണുകളിലേക്ക് തന്നെ നോക്കുന്നത് ഒഴിവാക്കുക. കാരണം നായയെ അത് ഭീഷണിപ്പെടുത്തുന്നത് പോലെയാണ്. ശാന്തത പാലിക്കുകയും സാധാരണ രീതിയില്‍ നടക്കാന്‍ ശ്രമിക്കുകയും വേണം.
തെരുവുനായകളെ കണ്ടാല്‍ സുരക്ഷിതമായ അകലം പാലിച്ച് നടക്കുക. പ്രത്യേകിച്ച് അവ ഭയപ്പെടുത്തുന്നതോ ആക്രമിക്കാന്‍ വരുന്നതോ ആയ സാഹചര്യമാണെങ്കില്‍ സുരക്ഷിതമായ അകലം പാലിച്ച് നടക്കാന്‍ ശ്രദ്ധിക്കണം.
പട്ടിയെ ഭയന്ന് പെട്ടെന്ന് ഓടാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം അവ നിങ്ങളെ പിന്തുടരാനുള്ള സാഹചര്യം ഏറെയാണ്. നായയെ നീരീക്ഷിച്ചുകൊണ്ട് സാവധാനത്തിലും ശാന്തമായും അകന്ന് പോകാന്‍ ശ്രമിക്കണം.
തെരുവ് നായയില്‍ നിങ്ങളെ സംരക്ഷിച്ചു നിര്‍ത്തുന്ന കുടയോ ബാഗോ വടിയോ അങ്ങനെ എന്തെങ്കിലും സംരക്ഷിത വസ്‌തുക്കള്‍ കയ്യില്‍ കരുതാം. നിങ്ങള്‍ സുരക്ഷിത അകലത്തിലാണെങ്കില്‍ നായയെ അകറ്റി നിര്‍ത്താന്‍ ഇവ സഹായിക്കും.
ആക്രമണകാരികളായ തെരുവ് നായ്ക്കളെ കണ്ടാല്‍ പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തിലോ അടുത്തുള്ള മൃഗക്ഷേമ സംഘടനയിലോ അറിയിക്കുക.
















