അടുക്കളയിലേക്ക് ആവശ്യമായ പാത്രങ്ങൾ നമ്മൾ വാങ്ങാറുണ്ട്. പലപ്പോഴും എത്ര വാങ്ങിയാലും നമുക്ക് മതിയാകാറില്ല. എന്നാൽ പുതിയ പാത്രങ്ങൾ വാങ്ങുമ്പോൾ ഏറ്റവും വലിയ പ്രശ്നം അതിലെ സ്റ്റിക്കറുകളും പ്രൈസ് ടാഗുകളുമാണ്. അത് മാറ്റുകയെന്നത് വലിയ പാടാണ്. സ്റ്റിക്കറിന്റെ പശ മാറ്റാൻ പറ്റാതെ വരുമ്പോൾ പാത്രങ്ങൾ വൃത്തികേടാകുകയും പതിവാണ്. അതുപയോഗിക്കാനും ബുദ്ധിമുട്ടാകും.
എന്നാൽ ഇനി ഇങ്ങനെ ബുദ്ധിമുട്ടേണ്ട. സ്റ്റിക്കർ ഇളക്കി കളയാൻ വളരെ എളുപ്പമാണ്. അതിനുള്ള ചില പൊടിക്കൈകൾ ഇതാ…
എണ്ണ
വെളിച്ചെണ്ണ, കടുക് എണ്ണ, ബേബി ഓയിൽ തുടങ്ങിയവയൊക്കെ ഇതിനായി ഉപയോഗിക്കാം. പുതിയ പാത്രങ്ങളിലെ സ്റ്റിക്കർ നീക്കം ചെയ്യുന്നതിനായി ആദ്യം കുറച്ച് പഞ്ഞിയെടുത്ത് അതിൽ എണ്ണ മുക്കി സ്റ്റിക്കറിൽ തേച്ചുപിടിപ്പിക്കുക. ഇത് ഇങ്ങനെ ഒരു 15 മിനിറ്റ് നേരം വച്ചിരിക്കണം. ശേഷം തുണി ഉപയോഗിച്ച് തുടച്ചെടുക്കുമ്പോൾ സ്റ്റിക്കർ പോകും. സ്റ്റീൽ, പ്ലാസ്റ്റിക്, ഗ്ലാസ് പാത്രങ്ങളിൽ ഇത് ചെയ്യാം.
ബേക്കിംഗ് സോഡയും എണ്ണയും
ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും അതിലേക്ക് രണ്ട് തുള്ളി വെളിച്ചെണ്ണയും ചേർത്ത് ഒരു മിശ്രിതം തയാറാക്കാം. പിന്നീട് ഇത് സ്റ്റിക്കറുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. 10 മിനിറ്റ് ഇങ്ങനെ വെച്ചിരിക്കണം. ശേഷം സോഫ്റ്റ് ആയിട്ടുള്ള ഒരു തുണി കൊണ്ട് തുടച്ചെടുക്കുക. സ്റ്റിക്കറിന്റെ പാടുകൾ പോലും അവശേഷിക്കില്ല.
നാരങ്ങയും ഉപ്പും
നാരങ്ങ നീരിൽ അൽപം ഉപ്പ് ചേർത്ത ശേഷം സ്റ്റിക്കറുള്ള ഭാഗത്ത് ഇത് തേച്ചുപിടിപ്പിക്കണം. സ്റ്റിക്കറിനെ എളുപ്പത്തിൽ നീക്കം ചെയ്യാൻ ഈ മിശ്രിതം സഹായിക്കും.
















