നിയമപോരാട്ടങ്ങളും, അത്യന്തം വിവാദങ്ങളും കൊണ്ട് ശ്രദ്ധേയമായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ബി രാകേഷ് നേതൃത്വം നല്‍കുന്ന പാനലിന് ഉജ്ജ്വല വിജയം. അസോസിയേഷന്‍ പ്രസിഡന്റായി ബി രാകേഷിനേയും സെക്രട്ടറിയായി ലിസ്റ്റിന്‍ സ്റ്റീഫനേയും തിരഞ്ഞെടുത്തു. സോഫിയോ പോള്‍, സന്ദീപ് സേനന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ഇരുപാനലിലും പെടാത്ത സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ടായിരുന്നു. ഇവരാരും വിജയം കണ്ടില്ല. സജി നന്ത്യാട്ട്, സംവിധയകന്‍ കൂടിയായ വിനയന്‍ എന്നിവരാണ് പരാജയപ്പെട്ട പ്രമുഖര്‍. കഴിഞ്ഞ 20 വര്‍ഷമായി അസോസിയേഷന്‍ തലപ്പത്തിരിക്കുന്നവരുടെ പാനല്‍ ഇത്തവണ തകര്‍ന്നടിയുമെന്നായിരുന്നു സാന്ദ്രാ തോമസിന്റെ അഭിപ്രായ പ്രകടനം.
ജി സുരേഷ് കുമാര്‍, സിയാദ് കോക്കര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നവര്‍ക്കെതിരെ സാന്ദ്രാ തോമസും സജി നന്ത്യാട്ടും ശക്തമായ ആരോപണവുമായി രംഗത്തെത്തിയതോടെയാണ് സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പ് പൊതുജനശ്രദ്ധയിലേക്ക് വരുന്നത്.സാന്ദ്രാ തോമസ് സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നീക്കം നടത്തിയിരുന്നു. ഭരണഘടന പ്രകാരം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ മൂന്നു സിനിമകള്‍ നിര്‍മിക്കണമെന്ന നിയമാവലിയുടെ അടിസ്ഥാനത്തില്‍ സാന്ദ്രയുടെ നോമിനേഷന്‍ വരണാധികാരി തള്ളിയിരുന്നു. ഇതിനെതിരെ കോടതിയെ സമീപിച്ചെങ്കിലും കോടതി സാന്ദ്രയുടെ ഹര്‍ജി തള്ളുകയായിരുന്നു. ബി രാകേഷ് നേതൃത്വം നല്‍കുന്ന പാനല്‍ ആണ് സമ്പൂര്‍ണ ആധിപത്യം നേടിയത്.
STORY HIGHLIGHT : kerala film producers association election result
















