ന്യൂഡൽഹി: 79 -മത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം. ചെങ്കോട്ടയിൽ രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തി ജനങ്ങളെ അഭിസംബോധന ചെയ്യും. നവഭാരതം എന്നതാണ് ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രമേയം. ഓപ്പറേഷൻ സിന്ദൂർ വിജയാഘോഷവുമുണ്ടാകും. രാജ്യമെങ്ങും പ്രധാന നഗരങ്ങളിൽ സുരക്ഷ ശക്തമാക്കി. ചെങ്കോട്ടയെയും പരിസരത്തെയും അതീവസുരക്ഷാ മേഖലയായി പ്രഖ്യാപിച്ച് നിരീക്ഷണം ശക്തമാക്കി.
സുരക്ഷയുടെ ഭാഗമായി ഇരുപതിനായിരത്തോളം പൊലീസ്, അർദ്ധസൈനിക ഉദ്യോഗസ്ഥരെയും വിന്യസിച്ചു. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി പുതിയ എഐസിസി ആസ്ഥാനമായ ഇന്ദിര ഭവനിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ത്രിവർണ്ണ പതാക ഉയർത്തും.
ഹർ ഖർ തിരങ്ക ക്യാമ്പയിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ഇന്ത്യൻ പതാക ഉയർന്നു കഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പതാക റാലികളും സംഘടിപ്പിച്ചു. ഇന്ത്യ ജനാധിപത്യത്തിന്റെ ജനനിയെന്നും,എല്ലാവർക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്നും രാഷ്ട്രപതി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
ചെങ്കോട്ടയിൽ നടക്കുന്ന ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ വിവിധ മേഖലകളിൽ നിന്നുള്ള അയ്യായിരത്തോളം പ്രത്യേക അതിഥികളെ ക്ഷണിച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂരന്റെ വിജയ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംയുക്ത സേനകളുടെ ആഭിമുഖ്യത്തിൽ ബാന്റുകൾ നടക്കും. ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിനകത്തും പുറത്തും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
















