ഖത്തറിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. കൃത്യമായി വാഹന രജിസ്ട്രേഷൻ പുതുക്കാത്ത വാഹനങ്ങൾക്ക് നിയമാനുസൃതമാക്കാൻ ഒരു മാസത്തെ സമയമാണ് ജനറൽ ട്രാഫിക് ഡയറക്ടേറ്റ് നൽകിയിരുന്നത്.
ആദ്യം ജൂലൈ 27 മുതൽ ആഗസ്റ്റ് 27 വരെയായിരുന്നു വാഹന രജിസ്ട്രേഷൻ പുതുക്കാൻ നൽകിയിരുന്ന സമയപരിധി. പുതുക്കൽ കേന്ദ്രങ്ങളിലെ തിരക്കും ഉപയോക്താക്കളുടെ സൗകര്യവും കണക്കിലെടുത്താണ് സമയപരിധി ഈ വർഷം അവസാനം വരെ നീട്ടിയത്. ഡിസംബർ 31ന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ അംഗീകൃത ഗൾഫ് നിലവാരം പാലിച്ചില്ലെങ്കിലും നിയന്ത്രണങ്ങളില്ലാതെ വിൽക്കാനും പ്രദർശിപ്പിക്കാനുമാകും.
രജിസ്റ്റർ ചെയ്ത വാഹനങ്ങൾ നിലവാരം പാലിച്ചില്ലെങ്കിൽ വിൽപ്പനയോ പ്രദർശനമോ അനുവദിക്കില്ല. നിയമം ലംഘിക്കുന്നവർക്ക് ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. രജിസ്ട്രേഷൻ പുതുക്കാത്ത വാഹനങ്ങൾ രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യുമെന്ന് നേരത്തെ ജനറൽ ട്രാഫിക് ഡയറക്ടേറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു.
















