മലയാള സിനിമയിലെ താര സംഘടയായ എഎംഎംഎയുടെ പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. വിവാദങ്ങള്‍ക്കും വാക്കു തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ ഇന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. അതെസമയം ‘A.M.M.Aയില്‍ വനിത നേതൃത്വം വരുന്നതാണ് നല്ലതെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പ്രതികരിച്ചു. വിവാദങ്ങളൊക്കെ ഒരു വഴിക്ക് നടക്കുമെന്നും സംഘടന നല്ലവണ്ണം നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്നവരെ തെരെഞ്ഞെടുക്കുകയാണ് ലക്ഷ്യമെന്നും നടന്‍ പറഞ്ഞു.
ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ വാക്കുകള്‍…….
‘ഇപ്പോള്‍ നടക്കുന്നത് നിര്‍ണായക തെരഞ്ഞെടുപ്പ്. A.M.M.Aയില്‍ നല്ലവണ്ണം നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്നവരെ തെരഞ്ഞെടുക്കുകയാണ് ലക്ഷ്യം. സംഘടനയ്ക്കുള്ളില്‍ ഗ്രൂപ്പ് ഉണ്ടാക്കുന്നവരോട് യോജിപ്പില്ല. മെമ്മറി കാര്‍ഡ് വിവാദമൊന്നും വിലപ്പോവില്ല, ശ്വേത സെക്‌സ് നടിയല്ല. സിനിമയുടെ പ്രമേയം ആവശ്യപ്പെടുന്നത് അവര്‍ ചെയ്യുന്നുവെന്ന് മാത്രം’.
വോട്ടെടുപ്പ് രാവിലെ പത്തു മണിക്ക് ആരംഭിച്ചു. ഉച്ചയ്ക്ക് ഒരുമണി വരെയാണ് പോളിങ് സമയം. വൈകുന്നേരത്തോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കും.
അധ്യക്ഷസ്ഥാനത്തേക്ക് ശ്വേതാമേനോനും ദേവനും തമ്മിലാണ് മത്സരം. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കുപരമേശ്വരനും രവീന്ദ്രനും തമ്മില്‍ മത്സരം നടക്കും. ജോ. സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസ്സന്‍ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ, നാസര്‍ ലത്തീഫ് എന്നിവരാണ് വൈസ് പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. രണ്ട് വൈസ് പ്രസിഡന്റുമാരെയാണ് തിരഞ്ഞെടുക്കുന്നത്.
















