ഇന്ത്യൻ സിനിമയിൽ പകരക്കാരില്ലാത്ത നടന്മാരിൽ ഒരാളാണ് രജനീകാന്ത്. നടന്റെ സൂപ്പർസ്റ്റാർ പദവിയിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. സാധാരണക്കാരനായി ജനിച്ച ശിവാജി റാവു ഗെയ്ക്‌വാദ് ഇന്ന് നാം കാണുന്ന രജനീകാന്ത് ആയി മാറാൻ താരം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ, സിനിമാമേഖലയിൽ 50 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് നടൻ.
ട്രാൻസ്പോർട്ട് ബസിലെ ദിവസ കൂലിക്കാരനായ കണ്ടക്ടർ ശിവാജി റാവോയിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയുടെ തന്നെ ഒരേ ഒരു രജനികാന്തിനെ കണ്ടെത്തിയത് സംവിധായകൻ കെ ബാലചന്ദർ ആണ്. സിനിമയിൽ 50 വർഷം പൂർത്തിയാക്കുന്ന സ്റ്റൈല്‍ മന്നന്‍..അപൂർവ രാഗങ്ങൾ എന്ന കമൽഹാസൻ ചിത്രത്തിൽ വില്ലനായാണ് എത്തിയത്. എന്നാൽ ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ തന്റെ പേര് രേഖപ്പെടുത്തുന്ന ഒരു യാത്രയുടെ തുടക്കമായിരുന്നു അത്. അന്നത്തെ ആ വില്ലൻ പിന്നീട് തലമുറകളുടെ നായകനായി.
രസികപെരുമക്കളുടെ കൈ തട്ട് വലിയ അവാർഡ് ആയി കണ്ട അദ്ദേഹം സിനിമയിലെ നാട്യങ്ങൾ ജീവിതത്തിൽ ഇല്ലാത്ത പച്ചയായ മനുഷ്യനായി.. രജിനി എന്ന ഒറ്റ പേരു കണ്ട് ജനം തിയറ്ററുകളിലേക്കെത്തി. കട്ടൗട്ടുകളും പോസ്റ്ററുകളും തെരുവുകളിൽ നിറഞ്ഞു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി, തമിഴ്, ഹിന്ദി, തെലുങ്ക്, മറ്റ് ഭാഷകളിലായി അഭിനയിച്ച രജനീകാന്ത് തമിഴ് സിനിമയുടെ ഏറ്റവും വലിയ സൂപ്പർസ്റ്റാറായി ഉയർന്നു.
1988ൽ ഹോളിവുഡ് ചിത്രത്തിലും അഭിനയിച്ചു. 90കളുടെ തുടക്കം മുതലാണ് രജനികാന്തിന്റെ അന്താരാഷ്ട്ര വിപണിമൂല്യം കുത്തനെ ഉയരുന്നത്. 2010 ശങ്കർ സംവിധാനം ചെയ്ത് ബ്രഹ്മാണ്ഡ ചിത്രം യെന്തിരൻ തമിഴ് സിനിമ ചരിത്രത്തിലെ തന്നെ സുവർണ്ണ ഏടാണ്. രജിനിയുടെ സ്വാഗും ക്ലാസും ഇരട്ടിമൂല്യത്തിൽ വെള്ളിത്തിരയിൽ നിറഞ്ഞു. ഏഴു തലമുറകൾക്കപ്പുറവും എത്ര താരങ്ങൾ വന്നാലും തലൈവർ കെട്ടി പണിതുയർത്തിയ സാമ്രാജ്യവും താര സിംഹസനവും ആർക്കും തകർക്കാൻ സാധിക്കില്ല.
ഏകദേശം അഞ്ച് പതിറ്റാണ്ടുകളായി 170 സിനിമകൾ പിന്നിട്ട രജനീകാന്തിന്റെ പുതിയ ചിത്രമായ കൂലി ഓഗസ്റ്റ് 14 ന് പുറത്തിറങ്ങി. സ്വന്തം ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന ഒരു കഥയിലൂടെയാണ് ഇത് അദ്ദേഹത്തിന്റെ യാത്രയെ ആഘോഷിക്കുന്നത്. സമ്പന്നനും അടിച്ചമർത്തുന്നവനുമായ ഒരു വില്ലനെ നേരിടുന്ന ഒരു തൊഴിലാളിവർഗ നായകനെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
74 വയസ്സുള്ള ഈ സൂപ്പർസ്റ്റാർ ഒരു പ്രതിഭാസമാണ്. ഇന്ത്യൻ സിനിമയുടെ ഏറ്റവും പ്രിയപ്പെട്ട അന്തർമുഖനായി മാറിയ ഒരു പുറംനാട്ടുകാരന്റെ കഥയാണ് രജനീകാന്തിന്റെ കഥ – ഭാഷ, വർഗ്ഗം, ഭൂമിശാസ്ത്രം എന്നിവയെ മറികടക്കുന്ന ഒരു തൊഴിലാളിവർഗ നായകന്റെ ആകർഷണം. കഠിനമായ ദാരിദ്ര്യത്തിൽ നിന്ന് അതുല്യമായ സൂപ്പർസ്റ്റാർ പദവിയിലേക്ക് – അദ്ദേഹത്തിന് ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിനിമാ ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡും രണ്ടാമത്തെ ഉയർന്ന സിവിലിയൻ അവാർഡായ പത്മവിഭൂഷണും നേടിക്കൊടുത്തു.
















