മലബാർ രുചിപ്പെരുമയിൽ ഏറെ പ്രചാരത്തിലുള്ള മധുരപലഹാരമാണ് കലത്തപ്പം. വൈകിട്ട് ചായക്കുള്ള സ്നാക്കായി തയ്യാറാക്കിയെടുക്കുന്ന ഈ വിഭവം ഇന്ന് എല്ലാവരുടെയും ഫുഡ് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. രുചികരമായ കലത്തപ്പം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
- പച്ചരി -രണ്ട് കപ്പ്
- ചോറ് – കാൽ കപ്പ്
- ഏലക്ക -നാലെണ്ണം
- ചെറിയ ജീരകം – കാൽ ടീസ്പൂൺ
- ശർക്കര -350 ഗ്രം
- സോഡാപ്പെടി – ഒരു നുള്ള്
- ഉള്ളി – ആറല്ലി
- തേങ്ങാക്കൊത്ത് – കാൽ കപ്പ്
- കറിവേപ്പില – രണ്ട് തണ്ട്
- നെയ്യ് – ഒരു ടേബിൾ സ്പൂൺ
- വെളിച്ചെണ്ണ – ഒരുടേബിൾസ്പൂൺ
- ഉപ്പ് – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
കഴുകിയെടുത്ത പച്ചരി കുതിർത്ത് എടുക്കുക. ശേഷം ഇത് മിക്സിയുടെ ജാറിലേയ്ക്ക് അരിക്കൊപ്പം ചോറും ഏലക്കായും ജീരകവും ഇട്ട് വെള്ളം ഒഴച്ച് നന്നായി അരച്ചെടുക്കുക. ശർക്കര ഒരു കപ്പ് വെള്ളം ഒഴിച്ച് ഉരുക്കിയത് അരച്ചു വെച്ച മാവിലേയ്ക്ക് ഒഴിച്ച് ഉടനെ തന്നെ നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഒരുനുള്ള് ഉപ്പും സോഡാപ്പൊടിയും ഇട്ട് നന്നായി മിക്സ് ചെയ്യുക. കുക്കറോ നോൺ സ്റ്റിക് പാനോ അടുപ്പിൽ വെച്ച് നെയ്യും വെളിച്ചെണ്ണയും ഒഴിച്ച് തേങ്ങാ കൊത്തും ഉള്ളിയും കറിവേപ്പിലയും മൂപ്പിച്ച് കോരി മാറ്റുക. ഇതിൽ നിന്ന് പകുതി അരച്ചുവെച്ച മാവിലേക്കിട്ട് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഈ മാവ് കുക്കറിലേക്ക് ഒഴിച്ച് വളരെ കുറഞ്ഞ തീയിൽ മൂടി വെച്ച് വേവിക്കുക. വെന്തോ എന്നറിയാൻ ഒരു ഈർക്കിൽ കൊണ്ട് ഒന്ന് കുത്തി നോക്കുക. ഈർക്കിലിൽ ഒട്ടി പിടിക്കുന്നില്ലെങ്കിൽ വെന്തിട്ടുണ്ട്. ഇനി ഇത് തണുത്തതിനുശേഷം കുക്കറിൽ നിന്നെടുത്ത് കട്ട് ചെയ്ത് ഉപയോഗിക്കാം.
STORY HIGHLIGHT : kalathappam
















