ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ ‘സുദര്‍ശന്‍ചക്ര മിഷന്‍’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ സുരക്ഷാകവചം വിപുലീകരിക്കാനും ശക്തിപ്പെടുത്താനും ഭഗവാന്‍ ശ്രീകൃഷ്ണനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സുദര്‍ശന ചക്ര ദൗത്യം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പത്തുവര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ സുരക്ഷാകവചം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ‘സുദര്‍ശനചക്ര ദൗത്യം’ ആരംഭിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.” 2035-ഓടെ രാജ്യത്തിന്റെ സുരക്ഷാകവചം വിപുലീകരിക്കാനും ശക്തിപ്പെടുത്താനും ആധുനികവല്‍ക്കരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ഭഗവാന്‍ ശ്രീകൃഷ്ണനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സുദര്‍ശന ചക്രത്തിന്റെ പാതയാണ് നമ്മള്‍ തിരഞ്ഞെടുത്തത്. ഇന്ത്യ സുദര്‍ശന ചക്ര ദൗത്യം ആരംഭിക്കും. ഈ ആധുനികസംവിധാനത്തിന്റെ ഗവേഷണവും വികസനവും നിര്‍മാണവുമെല്ലാം ഇന്ത്യയിലായിരിക്കും.
ഇതിനായി ഇന്ത്യയിലെ യുവാക്കളുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തും. ഈ ശക്തമായ സംവിധാനം ഭീകരാക്രമണങ്ങള്‍ ചെറുക്കുക മാത്രമല്ല ഭീകരര്‍ക്കെതിരേ തിരിച്ചടി നല്‍കുകയും ചെയ്യും. തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും ജനവാസമേഖലകളുടെയും സുരക്ഷയ്ക്കായി സുദര്‍ശനചക്ര ദൗത്യം എന്നപേരില്‍ അയേണ്‍ ഡോം പോലെയുള്ള ഒരു സ്വന്തം വ്യോമപ്രതിരോധ സംവിധാനം വികസിപ്പിക്കുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം”, അദ്ദേഹം പറഞ്ഞു. തദ്ദേശീയമായ നവീകരണത്തോടും കരുത്തുറ്റ പ്രതിരോധ സംവിധാനങ്ങളോടുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് സുദര്‍ശന ചക്ര ദൗത്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയേണ്‍ ഡോമിനോട് കിടപിടിക്കുന്ന പ്രതിരോധ സംവിധാനമാകും ഇന്ത്യയുടേതെന്നാണ് വിലയിരുത്തല്‍. 90 ശതമാനത്തിലേറെ വിജയനിരക്ക് അവകാശപ്പെടുന്ന വ്യോമപ്രതിരോധ സംവിധാനമാണ് ഇസ്രയേലിന്റെ അയേണ്‍ ഡോം. നിലവില്‍ റഷ്യയില്‍നിന്ന് വാങ്ങിയ വ്യോമപ്രതിരോധ സംവിധാനമായ എസ്-400 ഇന്ത്യയുടെ കൈവശമുണ്ട്. ഇതിന് ‘സുദര്‍ശന ചക്രം’ എന്ന പേരും ഇന്ത്യ നല്‍കിയിരുന്നു. അതിനിടെ, സുദര്‍ശന്‍ ചക്ര ദൗത്യം വിവിധതലത്തിലുള്ള സുരക്ഷാസംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപുലമായ നിരീക്ഷണ സംവിധാനം, സൈബര്‍ സുരക്ഷ വെല്ലുവിളികള്‍ നേരിടാനുള്ള സംവിധാനം തുടങ്ങിയവയെല്ലാം ഈ ദൗത്യത്തിലുണ്ടാകുമെന്നും കരുതുന്നു.
















