കേരള ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി നടത്തുന്ന ആദ്യ വെഡിംഗ്-മൈസ് ഉച്ചകോടിയില്‍ പ്രതിനിധികളെ സ്വാഗതം ചെയ്തത് ലൈവ് ഉണ്ണിയപ്പവും കായവറത്തതും. പഞ്ചവാദ്യത്തിന്‍റെ അകമ്പടിയില്‍ പ്രതിനിധികള്‍ ലെമെറഡിയന്‍ കണ്‍വെന്‍ഷന്‍ സെന്‍ററിന്‍റെ പൂമുഖത്തെത്തുമ്പോള്‍ തനത് കേരള ഭക്ഷണത്തിന്‍റെ ലൈവ് മാതൃകയാണ് സംഘാടകര്‍ ഒരുക്കിയത്.
വിദേശികളായ പ്രതിനിധികള്‍ക്ക് ഉണ്ണിയപ്പമായിരുന്നു കൗതുകം. ഇരുപതിലേറെ ഉണ്ണിയപ്പങ്ങള്‍ അപ്പക്കാരത്തില്‍ തിളയ്ക്കുന്നതും അത് കൂര്‍ത്ത കമ്പി കൊണ്ട് മറിച്ചിടുന്നതുമെല്ലാം ക്യാമറയില്‍ പകര്‍ത്താന്‍ വിദേശത്തു നിന്നു വന്നവരും കേരളത്തിന് പുറത്തു നിന്നു വന്നവരും മത്സരിച്ചു. വിവിധ മതസ്ഥരെ പ്രതിനിധീകരിക്കുന്ന വധൂവന്മാരുടെ വേഷമിട്ട മോഡലുകളും കൗതുകമായി.

കായുപ്പേരി കേരളത്തിന്‍റെ മുഖമുദ്രയായ വറുവല്‍ ഭക്ഷണം വിമാനത്താവളത്തിലും എല്ലാമുള്ളതിനാല്‍ പല വിദേശികള്‍ക്കും ഇത് പരിചിതമാണ്. എന്നാല്‍ ഉണ്ണിയപ്പം നന്നേ ബോധിച്ച റുമേനിയാക്കാരി പട്രീഷ്യ കൊസ്കായി തിരികെ പോകുമ്പോള്‍ ഇത് പാക്ക് ചെയ്ത് കൊണ്ടു പോകുമെന്ന് പറഞ്ഞു. സഹയാത്രികനായ മാരിയന്‍ ഡാനിയേലിന് തേങ്ങാപ്പാലു കൊണ്ടുണ്ടാക്കിയ മധുരപാനീയമാണ് പിടിച്ചത്. പഞ്ചവാദ്യവും ചെണ്ട മേളവും ഇദം പ്രഥമമായി കണ്ടതിന്‍റെ സന്തോഷവും അദ്ദേഹം പങ്ക് വച്ചു.
ഉച്ചയ്ക്ക് വിഭവസമൃദ്ധമായ കല്യാണ സദ്യയാണ് ബയേഴ്സിനായി സംഘാടകര്‍ ഒരുക്കിയത്. 21 വിദേശരാജ്യങ്ങളില്‍ നിന്നും രാജ്യത്തെ എല്ലാ സംസ്ഥാനത്തു നിന്നുമായി പ്രതിനിധികള്‍ എത്തിയിട്ടുണ്ട്. ഉച്ചകോടി ഇന്ന് (ശനിയാഴ്ച) സമാപിക്കും.
STORY HIGHLIGHT: Wedding and Mice Summit
















