ചരിത്രം തിരുത്തിയ തിരഞ്ഞെടുപ്പ് ആയിരുന്നു ഇത്തവണ അമ്മയിൽ നടന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതയായി ശ്വേത മേനോൻ ആണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് അമ്മ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താത്ത താരങ്ങൾ ആരെല്ലാമെന്നാണ്. 506 അംഗങ്ങൾക്കായിരുന്നു വോട്ടവകാശം. ഇവരിൽ 298 പേർ വോട്ടവകാശം വിനിയോഗിക്കാൻ കൊച്ചിയിലെത്തി.
മോഹൻലാൽ, സുരേഷ് ഗോപി, ടൊവീനോ, ജയസൂര്യ തുടങ്ങിയ താരങ്ങൾ വോട്ട് ചെയ്യാനെത്തിയിരുന്നു. വനിതകൾ ആവേശപൂർവം പങ്കെടുത്ത ഈ തിരഞ്ഞെടുപ്പിൽ മുതിർന്ന വനിതാ താരങ്ങളായ ഉർവശിയും മഞ്ജു വാരിയരും എത്തിച്ചേർന്നിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ദുൽഖർ, പൃഥിരാജ്, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നിവിൻ പോളി, ആസിഫ് ആലി, ജയറാം തുടങ്ങിയവരും ഇന്നു നടന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയില്ല. ചെന്നൈയിൽ ആയതിനാലാണ് മമ്മൂട്ടിക്ക് തിരഞ്ഞെടുപ്പിന് എത്താൻ കഴിയാതെ പോയത്.
രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ദേവനും ശ്വേത മേനോനുമായിരുന്നു അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ഇതുവരെ കാണാത്ത തരത്തിലുള്ള ആരോപണങ്ങൾക്കാണ് ‘അമ്മ’യിലെ തിരഞ്ഞെടുപ്പ് വേദിയായത്. അശ്ലീല സിനിമകളിൽ അഭിനയിച്ചെന്ന് ആരോപിച്ച് ശ്വേത മേനോന് എതിരെ കേസ് വരെ റജിസ്റ്റർ ചെയ്യപ്പെട്ടു. ഇത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് ശ്വേത സംഘടനയുടെ തലപ്പത്ത് എത്തുന്നത്.
















