ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റ്. പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60 കിലോഗ്രാമിൽ കൂടാത്തതും 30 മിനുട്ട് ആവറേജ് പവർ 250 വാട്ടിൽ കുറവുള്ളതും ആയ വാഹനങ്ങൾ മാത്രമേ രജിസ്‌ട്രേഷൻ നമ്പർ ഇല്ലാതെ പൊതു സ്ഥലങ്ങളിൽ ഉപയോഗിക്കുവാൻ പാടുള്ളൂ.
ഈ നിബന്ധനകൾ പാലിക്കാത്ത ഇരുചക്ര വാഹനങ്ങൾ മോട്ടോർ വാഹനത്തിന്റെ നിർവചനത്തിൽ വരുന്നവയും രജിസ്‌ടേഷൻ നമ്പർ ആവശ്യമുള്ളവയുമാണെന്ന് എംവിഡി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
യാത്രകൾ സുരക്ഷിതമാക്കാൻ എല്ലാത്തരം ഇലക്ട്രിക് സ്‌കൂട്ടറുകളും ഹെൽമറ്റ് ധരിച്ച് മാത്രം ഉപയോഗിക്കുക.
അനലറ്റിക്കൽ തിങ്കിംഗ്, സ്പെഷ്യൽ ജഡ്ജ്‌മെന്റ്, വിഷ്വൽ സ്‌കാനിംഗ് എന്നിവയിലെ പോരായ്മകൾ പെട്ടെന്ന് ശരിയായ തീരുമാനങ്ങളെടുക്കാനുള്ള കഴിവില്ലായ്മ, സുരക്ഷയുടെ കാര്യത്തിൽ റിസ്‌ക് എടുക്കാനുള്ള മനോഭാവം, റോഡ് നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ, പരീശീലനക്കുറവ് എന്നീ കാരണങ്ങൾ കുട്ടികളെ പെട്ടെന്ന് അപകടത്തിൽ കൊണ്ടെത്തിക്കും.
പ്രായ പൂർത്തിയാവാത്ത കുട്ടികളുടെ സുരക്ഷയെ കരുതി ഇത്തരം വാഹനങ്ങൾ അവർക്ക് കൊടുക്കാതെ ഇരിക്കൂവെന്നും എംവിഡി പറഞ്ഞു.
















