ചായക്കടയിലേതുപോലെ നല്ല മൊരിഞ്ഞ ഉള്ളിവട തയ്യാറാക്കാൻ ഇനി ഇതുപോലെ ചെയ്‌താൽ മതി.. നല്ല കിടിലൻ സ്വാദിൽ തന്നെ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- സവാള/ വലിയുള്ളി നീളത്തിലരിഞ്ഞത്
- ഇഞ്ചി കൊത്തിയരിഞ്ഞത്
- പച്ചമുളക് വട്ടത്തിലരിഞ്ഞത്
- മല്ലിയില
- പുതീന
- കറിവേപ്പില
- മഞ്ഞൾ പൊടി
- മുളകുപൊടി
- കടലമാവ്
- അരിമാവ്
- കായപ്പൊടി
- മൈദ
- ഉപ്പ്
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
സവാള/വലിയുള്ളി, ഇഞ്ചി, പച്ചമുളക്, മല്ലിയില, പുതീന, കറിവേപ്പില, എന്നിവ അരിഞ്ഞതും ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവയും ഒരു പാത്രത്തിൽ ചേർത്ത് കൈ കൊണ്ട് നന്നായി കൂട്ടിയോജിപ്പിക്കണം. ഈ കൂട്ട് പത്ത് മിനിറ്റ് അടച്ച് വയ്ക്കണം. അതിലേക്ക് ആവശ്യത്തിന് കടലപ്പൊടി, അരിപ്പൊടി, മൈദ, കായപ്പൊടി എന്നിവ ചേർത്ത് കുഴച്ചെടുക്കുക. പത്ത് മിനിറ്റ് അടച്ച് വെക്കുക. കൂടുതൽ സമയം അടച്ച് വെച്ചാൽ ഉള്ളിയും ഉപ്പും ചേരുമ്പോൾ ഉണ്ടാകുന്ന വെളളത്തിൽ ഈ കൂട്ടിന്‍റെ രുചി നഷ്‌ടമാക്കും.
കൂട്ടിവെച്ച മാവ് കൈയിലെടുത്ത് കുറേശ്ശേ ഉരുട്ടി ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുക്കാം. കൂട്ട് എണ്ണയിലേക്ക് ഇട്ടുകഴിഞ്ഞാൽ തീ കുറച്ച് വേവിക്കണം. സവാള വേവാൻ സമയം കൂടുതലെടുക്കും. അതേ സമയം മറ്റ് ചേരുവകൾ വേഗം വേവുകയും ചെയ്യും. അതായത് തീ കൂട്ടിയാൽ ചേരുവയിലുള്ള പൊടികളൊക്കെ വേഗം വെന്ത് കരിഞ്ഞ് പോകും. സവാള വേവുകയുമില്ല. രണ്ടുവശവും ഒരുപോലെ മൊരിയുന്നതിനായി ഇടയ്ക്കിടയ്ക്കു തിരിച്ചും മറിച്ചും ഇട്ടുകൊടുത്ത് ഇടത്തരം തീയിൽ വറുത്തു കോരി എണ്ണ വാർക്കാനിട്ടാൽ ഉള്ളിവട റെഡി.
















