മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേക രജതജൂബിലി ഇന്നലെ പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രലില്‍ ആരംഭിച്ചു. രാവിലെ നടന്ന സമൂഹബലിക്ക് ശേഷം മാര്‍ ക്ലീമിസ് ബാവ ജൂബിലി തിരി തെളിച്ചു. ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസ് പ്രസംഗിച്ചു. ബിഷപ്പുമാരായ ജോസഫ് മാര്‍ തോമസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, മാത്യൂസ് മാര്‍ പോളികാര്‍പ്പസ്, ആന്റണി മാര്‍ സില്‍വാനോസ് എന്നിവരും നൂറിലധികം വൈദികരും സമൂഹബലിയില്‍ സഹകാര്‍മ്മികരായിരുന്നു.
2001 ആഗസ്റ്റ് 15-ാം തീയതിയാണ് ഫാ. ഐസക് തോട്ടുങ്കല്‍ മലങ്കര കത്തോലിക്കാ സഭയില്‍ ഐസക് മാര്‍ ക്ലീമിസ് എന്ന പേരില്‍ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടത്. തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ സഹായ മെത്രാനും വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും മലങ്കര കത്തോലിക്കാ വിശ്വാസികളുടെ അപ്പസ്‌തോലിക വിസിറ്റേറ്ററുമായിട്ടായിരുന്നു പ്രഥമ നിയമനം. തുടര്‍ന്ന് 2003 ല്‍ തിരുവല്ല രൂപതയുടെ അധ്യക്ഷനായി ചുമതലയേറ്റെടുത്തു. 2006 ല്‍ തിരുവല്ല രൂപത അതിരൂപതയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ പ്രഥമ മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപ്പായി ഐസക് മാര്‍ ക്ലീമിസ് നിയമിതനായി. 2007 ല്‍ മലങ്കര കത്തോലിക്കാ സഭാധ്യക്ഷനായിരുന്ന മേജര്‍ ആര്‍ച്ചുബിഷപ്പ് സിറിള്‍ ബസേലിയോസ് കാതോലിക്കാ ബാവ കാലം
ചെയ്തപ്പോള്‍ സഭയുടെ സുനഹദോസ് 2007 ഫെബ്രുവരി 8 ന് രണ്ടാമത്തെ മേജര്‍ ആര്‍ച്ചുബിഷപ്പായി ഐസക് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്തായെ തെരഞ്ഞെടുത്തു. 2007 മാര്‍ച്ച് 5 ന് ബസേലിയോസ് ക്ലീമിസ് എന്ന പേരില്‍ സ്ഥാനാരോഹണം ചെയ്തു. 2012 ഒക്ടോബര്‍ 24 ന് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ സാര്‍വത്രീക സഭയിലെ കര്‍ദിനാളായി നിയമിച്ചു. നാല്‍പത്തിയൊന്നാമത്തെ വയസ്സില്‍ മെത്രാനായി നിയമിക്കപ്പട്ടപ്പോള്‍ ഭാരത സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാനും 2012 ല്‍ കര്‍ദിനാളായി നിയമിക്കപ്പെട്ടപ്പോള്‍ കത്തോലിക്കാ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദിനാള്‍ എന്ന ബഹുമതിയും മാര്‍ ക്ലീമിസ് ബാവയ്ക്കായിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള തിരുസംഘത്തിലും മതാന്തര
സംവാദത്തിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലും അംഗമായി നിയമിച്ചു. രണ്ട് മാര്‍പാപ്പമാരെ തെരഞ്ഞെടുക്കുവാനുള്ള കോണ്‍ക്ലേവില്‍ സംബന്ധിച്ചു. 2014 മുതല്‍ 2018 വരെ രണ്ട് പ്രാവശ്യം ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ കോണ്‍ഫറന്‍സിന്റെ തലവനായിരുന്നു. ഇപ്പോള്‍ കെസിബിസി യുടെ പ്രസിഡന്റാണ്.
CONTENT HIGH LIGHTS; The silver jubilee of Cardinal Mar Cleemis Bawa’s episcopal consecration has begun
















