പാകിസ്ഥാനില്‍ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും ഇരുന്നൂറോളം പേർ മരിച്ചു. മരിച്ചവരുടെ എണ്ണം 194 ആയി. വടക്കന്‍ ജില്‍ജിറ്റ്- ബാള്‍ട്ടിസ്ഥാനിൽ അഞ്ച് പേരും പാക്കധീന കശ്മീരിൽ ഒൻപത് പേരും മരിച്ചു.
രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച് ജീവനക്കാര്‍ മരിച്ചു. ഇത് സൈനിക കോപ്റ്റർ ആയിരുന്നു. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ബുനര്‍ ജില്ലയില്‍ 78 പേര്‍ മരിച്ചിട്ടുണ്ട്. ബുനറിൽ വെള്ളിയാഴ്ച അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വെള്ളപ്പൊക്കത്തില്‍ വീടുകള്‍ തകര്‍ന്നു.
വ്യാഴാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ പര്‍വതപ്രദേശമായ മന്‍സെഹ്റ ജില്ലയില്‍ കുടുങ്ങിയ 1,300 വിനോദസഞ്ചാരികളെ രക്ഷാപ്രവര്‍ത്തകര്‍ ഒഴിപ്പിച്ചു. ഈ പ്രദേശങ്ങളില്‍ 35 പേരെ കാണാതായതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാഴാഴ്ച ഇന്ത്യയിൽ ജമ്മു കശ്മീരിലും ഹിമാചൽ പ്രദേശിലും മിന്നൽ പ്രളയവും ഉരുൾപൊട്ടലുമുണ്ടായിരുന്നു.
















