അപ്പത്തിനും ചപ്പാത്തിക്കുമെല്ലാം കൂടെ കഴിക്കാൻ കിടിലൻ സ്വാദിൽ ഒരു ചിക്കൻ സ്റ്റ്യൂ ആയാലോ? നല്ല രുചിയോടെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു സ്പെഷ്യൽ ചിക്കൻ സ്റ്റ്യൂ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ഉരുളകിഴങ്ങ് – 1 എണ്ണം
- ചിക്കൻ – 250 ഗ്രാം
- തേങ്ങ – ഒരു മുറി
- സവാള – 1 എണ്ണം
- പച്ചമുളക് – ആവശ്യത്തിന്
- ഇഞ്ചി – ഒരു കഷ്ണം
- വെളുത്തുള്ളി – 6 അല്ലി
- ഉലുവ – ഒരു നുള്ള്
- കറിവേപ്പില, മല്ലിയില – ആവശ്യത്തിന്
- കറുവപട്ട – ഒരു ചെറിയ കഷ്ണം
- വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉലുവ ഇട്ടുകൊടുക്കണം. ശേഷം ഒന്ന് മൂത്താൽ കറുവപട്ട ചേർത്ത് കൊടുക്കുക. ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് ഇട്ടു കൊടുക്കണം. പച്ചമണം മാറുമ്പോൾ ചെറുതായിരിഞ്ഞ സവാളയും പച്ചമുളകും കറിവേപ്പിലയും ഇട്ടുകൊടുത്ത് നന്നായി വഴറ്റണം. ഇനി ഇതിലേക്ക് ചിക്കനും ഉരുളകിഴങ്ങു കഷ്ണങ്ങളും ഇട്ട് നന്നായൊന്ന് വഴറ്റണം. ചിക്കൻ കളർ മാറുന്നതുവരെ വഴറ്റണം. തേങ്ങയുടെ രണ്ട് കപ്പ് രണ്ടാം പാൽ ഒഴിക്കണം. ഉപ്പും ചേർത്ത് നന്നായൊന്ന് ഇളക്കി മൂടിവെച്ച് കുക്ക് ചെയ്യണം. വെന്തുകഴിഞ്ഞാൽ തേങ്ങയുടെ ഒരു കപ്പ് ഒന്നാംപാൽ ചേർക്കണം. മല്ലിയില കൂടി ചേർത്ത് ഇളക്കി ചൂടായാൽ തീ ഓഫ് ആക്കി ഒരഞ്ചുമിനിറ്റ് അടച്ചുവച്ച് സെർവ്ചെയ്യാം.
















