കൊച്ചി: മനോഹരമായ ഭൂപ്രകൃതിയും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിര മാതൃകാ ടൂറിസവും കേരളത്തെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിന് അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നുവെന്ന് വിദഗ്ധര്‍. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം) സൊസൈറ്റി സംഘടിപ്പിച്ച വെഡ്ഡിങ്-മൈസ് ഉച്ചകോടിയില്‍ ‘റീ-ഇമാജിനിങ് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്സ് ഇന്‍ കേരള’ എന്ന സെമിനാറിലാണ് വിദഗ്ധര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
സമ്പൂര്‍ണതയുടെയും സുസ്ഥിര മാതൃകയുടെയും പശ്ചാത്തലത്തില്‍ സന്ദര്‍ശകര്‍ക്ക് നല്‍കുന്ന അതുല്യമായ അനുഭവമാണ് കേരളത്തെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതെന്ന് ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. ജനങ്ങളുടെ പുരോഗമന മനോഭാവവും വൈവിധ്യമാര്‍ന്ന ടൂറിസം അനുഭവങ്ങളും സംസ്ഥാനത്തെ പ്രഥമഗണനയിലുള്ള ഡെസ്റ്റിനേഷനാക്കി മാറ്റുന്നു. സുസ്ഥിര വിനോദസഞ്ചാരത്തില്‍ കേരളം മുന്‍പന്തിയിലാണ്. പ്രാദേശിക സമൂഹത്തെ ഇതിനൊപ്പം പരിഗണിക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഹോട്ടല്‍ മുറികളുടെ എണ്ണം, ബ്രാന്‍ഡിങ് പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് മേഖലയിലെ നേട്ടങ്ങള്‍ കേരളത്തിന് പ്രയോജനപ്പെടുത്താനാകുമെന്ന് രാശി എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ സ്ഥാപകനും ഡയറക്ടറുമായ രാജീവ് ജെയിന്‍ പറഞ്ഞു. വലിയ വിവാഹച്ചടങ്ങുകളും സാമൂഹിക പരിപാടികളും നടത്തുന്നതിന് സാങ്കേതികവിദ്യയുടെ സാധ്യതകള്‍ സ്വീകരിക്കാമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
പുതിയ കാലത്തെ വിവാഹചടങ്ങുകളില്‍ വിനോദം ഒരു പ്രധാന ഘടകമാണെന്ന് സുമിത് ഖേതന്‍ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ സുമിത് ഖേതന്‍ ചൂണ്ടിക്കാട്ടി. പ്രദേശങ്ങള്‍ പരിഗണിക്കാതെ ആചാരങ്ങളുടെയും ചടങ്ങുകളുടെയും കൈമാറ്റം ഈ മേഖലയില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവാഹങ്ങള്‍ക്ക് ആകര്‍ഷകമായ ഒട്ടേറെ സ്ഥലങ്ങള്‍ കേരളത്തിലുണ്ടെന്നും മറ്റുള്ളവരെ അനുകരിക്കേണ്ട ആവശ്യമില്ലെന്നും മില്ലേനിയം ഇവന്‍റ്സ് സ്ഥാപകന്‍ പ്രമോദ് ലുനാവത് പറഞ്ഞു. ഇവിടെയുള്ള സവിശേഷതകളിലാണ് കേരളം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ആഘോഷത്തിന്‍റെ ഈ വലിയ വിപണി കേരളത്തിന് മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.ടി.എം സെക്രട്ടറി എസ്. സ്വാമിനാഥന്‍ മോഡറേറ്ററായിരുന്നു. കെ.ടി.എം മുന്‍ പ്രസിഡന്‍റും സെമിനാര്‍ കമ്മിറ്റി ചെയര്‍മാനുമായ റിയാസ് അഹമ്മദ്, സെമിനാര്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ നിര്‍മ്മല ലില്ലി എന്നിവരും സംസാരിച്ചു.
















