തിരുവനന്തപുരം : സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എച്ച് എല്‍ എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് ആസ്ഥാന മന്ദിരത്ത് സിഎംഡി ഡോ. അനിത തമ്പി പതാക ഉയര്‍ത്തി. കാല്‍ നൂറ്റാണ്ട് സേവനം പൂര്‍ത്തീകരിച്ച ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു. എച്ച് എല്‍ എല്ലിന്റെ ഫാക്ടറികളിലും വിവിധ ഓഫീസുകളിലും സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ഇന്ത്യന്‍ ആരോഗ്യരംഗത്ത് 60 വര്‍ഷം പൂര്‍ത്തിയാക്കുന്ന മിനി രത്നാ പൊതുമേഖല സ്ഥാപനമാണ് എച്ച് എല്‍ എല്‍.
വജ്ര ജൂബിലി’യുടെ ഭാഗമായി എച്ച്എല്‍എല്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. മാനസികാരോഗ്യം, പോഷകാഹാരം, ഡിജിറ്റല്‍ ഹെല്‍ത്ത്, വെറ്ററിനറി സേവനങ്ങള്‍ തുടങ്ങിയ പുതിയ മേഖലകളിലേക്കാണ് എച്ച്എല്‍എല്‍ കടക്കുന്നത്. ജനസംഖ്യാ വര്‍ധനവ് എന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ 1966 മാര്‍ച്ച് 1-നാണ് എച്ച്എല്‍എല്‍ സ്ഥാപിതമായത്. ഇന്ന്, എച്ച്എല്‍എല്ലിന് എട്ട് അത്യാധുനിക നിര്‍മ്മാണ യൂണിറ്റുകളും ഒരു കോര്‍പ്പറേറ്റ് R&D സെന്ററുമുണ്ട്. 1990-കളില്‍ ആശുപത്രി ഉത്പന്നങ്ങളുടെ മേഖലയിലേക്ക് കടന്ന എച്ച്എല്‍എല്‍, 2000-ത്തോടെ സ്ത്രീകളുടെ ആരോഗ്യ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനും തുടങ്ങി. മൂഡ്സ് കോണ്ടം, ബ്ലഡ് ബാഗ് എന്നിവയടക്കം 70-ലധികം ബ്രാന്‍ഡുകള്‍ ഇന്ന് എച്ച്എല്‍എല്‍ വിപണിയിലെത്തിക്കുന്നു.
2000-കളില്‍ നിര്‍മ്മാണം, സംഭരണം, കണ്‍സള്‍ട്ടന്‍സി, രോഗനിര്‍ണയം, ഫാര്‍മ റീട്ടെയില്‍ ബിസിനസ്സ് തുടങ്ങി നിരവധി സേവനമേഖലകളിലേക്ക് കടന്ന എച്ച്എല്‍എല്‍, ‘അമൃത് ഫാര്‍മസിയിലൂടെ ജീവന്‍ രക്ഷാ മരുന്നുകളും മറ്റ് മെഡിക്കല്‍ ഉത്പന്നങ്ങളും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കി വരുന്നുണ്ട്.
















